Trending

മര്‍കസ് സ്ഥാപനങ്ങളില്‍ റിപബ്ലിക് ദിനാഘോഷം പ്രൗഢമായി നടന്നു.

കുന്ദമംഗലം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് സ്ഥാപനങ്ങളില്‍ റിപബ്ലിക്
ദിനാഘോഷം പ്രൗഢമായി നടന്നു. മര്‍കസ് കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി. വൈവിധ്യമാര്‍ന്ന മത സാമൂഹിക ചുറ്റുപാടുകളില്‍ ജീവിച്ചുവരുന്ന ഇന്ത്യയിലെ ജനസമൂഹങ്ങളുടെ നിത്യമായ സമാധാനത്തിനും പുരോഗതിക്കും വേണ്ടി രൂപം നല്‍കിയ ഭരണഘടനയെ അതുദ്ദേശിക്കുന്ന മൗലികാര്‍ഥത്തില്‍ തന്നെ ജനങ്ങളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി ഉപയോഗിക്കണമെന്ന് കാന്തപുരം പറഞ്ഞു.

സ്വാതന്ത്ര്യവും സമത്വവും പൗരന്മാര്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും ചിന്തക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനക്കുമുള്ള അനുമതി നല്‍കണമെന്നും, ആമുഖത്തില്‍ തന്നെ രേഖപ്പെടുത്തിയ ഭരണഘടനയാണ് നമ്മുടേത്.നാനാതരം മത സാംസ്‌കാരിക ഭാഷാ വിഭാഗങ്ങള്‍ ജീവിക്കുന്ന രാജ്യത്ത് ഇന്ത്യക്കാരെന്ന നിലയില്‍ എല്ലാവരെയും ഒരുമിപ്പിക്കുന്നതും പരസ്പരം ബന്ധിപ്പിക്കുന്നതും ഭരണഘടന ഉറപ്പു വരുത്തിയ മൂല്യങ്ങളാണ്. കാന്തപുരം പറഞ്ഞു.

മര്‍കസ് ജനറല്‍ ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. മര്‍കസ് നോളജ് സിറ്റിയില്‍ ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പതാക ഉയര്‍ത്തി. ജനങ്ങള്‍ക്കിടയിലുള്ള വൈവിധ്യം ഇന്ത്യാ രാജ്യത്തിന്റെ മനോഹരമായ ചരിത്ര വര്‍ത്തമാനങ്ങളെയാണ് കാണിക്കുന്നത്. ഈ വൈവിധ്യത്തെ ഭരണഘടന അനുശാസിക്കുന്ന വിധം കൊണ്ടുപോകാനാണ് ഭരണഘടനയെ കാക്കേണ്ട വിവിധ സ്ഥാപനങ്ങള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. പശ്ചിമ ബംഗാളിലെ മര്‍കസ് ത്വയ്ബ ഗാര്‍ഡനില്‍ സുഹൈറുദ്ധീന്‍ നുറാനിയും, ഗുജറാത്തിലെ ഗോണ്ടാല്‍ സ്‌കൂളില്‍ ഉബൈദ് നുറാനിയും പതാക ഉയര്‍ത്തി.
Previous Post Next Post
3/TECH/col-right