Trending

കോവിഡ് വാക്‌സിന്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ നിയമപരമായ ബാധ്യത വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് ആയിരിക്കും.സര്‍ക്കാരും ബാധ്യത ഏറ്റെടുക്കണമെന്ന വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി.

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ നിയമപരമായ ബാധ്യത വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് ആയിരിക്കും.സര്‍ക്കാരും ബാധ്യത ഏറ്റെടുക്കണമെന്ന വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. 
 

മഹാമാരിയുടെ കാലത്ത് ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ വികസിപ്പിച്ച വാക്‌സിന്‍ ആയതിനാല്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കൂടി ബാധ്യത ഏറ്റെടുക്കണം എന്നായിരുന്നു വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ ആവശ്യം. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിംഗപ്പുര്‍, എന്നീ രാജ്യങ്ങളും യുറോപ്യന്‍ യൂണിയനും നിയമപരമായ ബാധ്യത വാക്‌സിന്‍ കമ്പനികളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു ആവശ്യം. 

എന്നാല്‍ മറ്റ് പ്രതിരോധ വാക്‌സിനുകള്‍ക്കുള്ള നിയമപരമായ വ്യവസ്ഥകള്‍ കോവിഡ് പ്രതിരോധ വാക്‌സിനും ബാധകം ആയിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക് ആക്ട്, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നയങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉള്ള നിയമപരമായ നടപടികള്‍ കമ്പനികള്‍ നേരിടേണ്ടി വരും. 

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ആഴ്ചയില്‍ നാല് ദിവസം 

തിങ്കള്‍, ബുധന്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ആകും കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മറ്റ് വാക്‌സിന്‍ കുത്തിവെപ്പും നടക്കും. ഇത് സംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി.

സംസ്ഥാനങ്ങള്‍ക്ക് കോവിഷീല്‍ഡ് ആണോ കോവാക്‌സിന്‍ ആണോ നല്‍കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. എന്നാല്‍ ഓരോ ജില്ലകള്‍ക്കും ഏത് വാക്‌സിന്‍ ആണ് നല്‍കേണ്ടത് എന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. ഒരു കേന്ദ്രത്തില്‍ ഒരേ വാക്‌സിന്‍ മാത്രമേ നല്‍കുകയുള്ളൂ. ആദ്യ കുത്തിവയ്പ്പ് എടുത്തതിന്റെ 28-ാം ദിവസം രണ്ടാം കുത്തിവയ്പ്പ് എടുക്കേണ്ടതിനാലാണ് ഒരേ വാക്‌സിന്‍ മാത്രം ഒരു കേന്ദ്രത്തില്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം. 

രാജ്യത്തെ മൂവായിരം കേന്ദ്രങ്ങളിലാണ് ശനിയാഴ്ച കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുക. മാസാവസാനത്തോടെ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ എണ്ണം അയ്യായിരമായി ഉയര്‍ത്താനാണ് ലക്ഷ്യം. മാര്‍ച്ചോടെ കുത്തിവെപ്പ് കേന്ദ്രങ്ങള്‍ പന്ത്രണ്ടായിരം ആകും.
Previous Post Next Post
3/TECH/col-right