Trending

ദേശവും ദേശക്കാരും അകം നിറച്ചുവച്ച ഇക്കാസ്‌ക്ക:നിറഞ്ഞു നില്‍ക്കുന്ന പുഞ്ചിരി, നര്‍മവും സ്നേഹവും കൂട്ടിക്കുഴച്ച വാക്കുകള്‍. നാട്ടിടവഴികളിലൂടെ ദേശക്കാരോട് കുശലം ചോദിച്ചും നാട്ടറിവുകള്‍ പറഞ്ഞും ഇവിടത്തുകാരുടെ പ്രിയങ്കരനായ ഇക്കാസ്‌ക്ക (ബീരാന്‍ കുട്ടി- 101) ഇനി കനിവുള്ള ഓര്‍മ.

മുഖത്തെപ്പോഴും നിറഞ്ഞു നില്‍ക്കുന്ന പുഞ്ചിരി, നര്‍മവും സ്നേഹവും കൂട്ടിക്കുഴച്ച വാക്കുകള്‍. നാട്ടിടവഴികളിലൂടെ ദേശക്കാരോട് കുശലം ചോദിച്ചും നാട്ടറിവുകള്‍ പറഞ്ഞും ഇവിടത്തുകാരുടെ പ്രിയങ്കരനായ ഇക്കാസ്‌ക്ക (ബീരാന്‍ കുട്ടി- 101) ഇനി കനിവുള്ള ഓര്‍മ.
എളേറ്റില്‍ കോയാമദിന്റെയും ഖദീജയുടെയും മകനായി ജനനം. ദേശത്തിന്റെ ചരിത്രസൂക്ഷിപ്പുകാരന്‍ എന്ന് ഒറ്റവാക്കില്‍ ഇക്കാസ്‌ക്കയെ വിശേഷിപ്പിക്കാം. പക്ഷെ ആ വാക്കിലും ഒതുക്കിനിര്‍ത്താന്‍ കഴിയാത്ത മറ്റെന്തൊക്കെയോ ആ മനുഷ്യനില്‍ നിറഞ്ഞു നിന്നിരുന്നു.
  

ഒരു തവണ കണ്ടുമുട്ടിയവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തവിധം ഇക്കാസിനെ പ്രിയങ്കരനാക്കിയത് നിറഞ്ഞുനിന്ന ചിരിയുടെയും ഗൗരവവും നര്‍മവും ചേര്‍ത്ത വാക്കുകളുടെയും മാന്ത്രികത കൂടിയാണ്. തന്റെ ചുറ്റുപാടുള്ളവര്‍ക്കെല്ലാം നല്ലത് വരട്ടെയെന്നു മാത്രം ആഗ്രഹിച്ച പച്ചയായ മനുഷ്യന്‍. തമാശകള്‍ ഗൗരവത്തോടെ പറഞ്ഞും വലിയ ചില തത്വങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചും ഇക്കാസ്‌ക്ക നാട്ടുകാരെ അമ്പരപ്പിച്ചുകൊണ്ടിരുന്നു. ആദ്യം ഞെട്ടലും പിന്നെ ചിരിയും സമ്മാനിക്കുന്ന നിരവധി സിദ്ധാന്തങ്ങള്‍ ഇക്കാസ്‌ക്കയുടെ വകയായുണ്ടായി. 

നാട്ടുകാര്‍ക്കിടയില്‍ ഒരു രസിക പ്രമാണിയായിരുന്നു. പ്രായഭേദമോ ജാതിഭേദമോ നോക്കാതെ കണ്ടുമുട്ടുന്നവരോടൊക്കെ സലാം പറയുന്ന പഴംപുരാണക്കാരന്‍. തമാശ രൂപത്തിലും ചിലപ്പോള്‍ ക്ഷോഭിച്ചും ഇക്കാസ് പഴയകാല സംഭവങ്ങള്‍ വിളിച്ച് പറയുമ്പോള്‍ ഒന്ന് ഞെട്ടാത്തവര്‍ കുറവാകും. വലിയങ്ങാടിയും പാളയം ചന്തയും മാനാഞ്ചിറയും മൊയ്തീന്‍ പള്ളിയും ഹല്‍വാ ബസാറുമെല്ലാം ഇക്കാസ്‌ക്കായുടെ കഥകളില്‍ ഇടം പിടിച്ചു. മറ്റേതെങ്കിലും ദേശത്ത് ചെന്നാല്‍ നാട്ടുകാരുടെ വീരചരിത്രം പറയാതെ സമാധാനമുണ്ടാവില്ല ഇദ്ദേഹത്തിന്.

ജാതി മത ഭേദമെന്യേ മുഖം നോക്കി കുടുംബ പാരമ്പര്യം പറയാന്‍ കഴിഞ്ഞിരുന്ന ഇക്കാസ്‌ക്കായുടെ ഓര്‍മയില്‍ കാന്തപുരത്തിന്റെയും പൂനൂരിന്റെയും വാമൊഴി ചരിത്രമത്രയും തെളിഞ്ഞുനിന്നിരുന്നു. നാട്ടിടവഴികളില്‍ എവിടെങ്കിലും വെച്ച് ആരെങ്കിലും കണ്ടുമുട്ടിയാല്‍ അവരുടെ തറവാടും പിച്ചവെച്ച് നടന്നത് തൊട്ടുള്ള ചരിത്രവും ഓര്‍ത്തെടുത്ത് പറയുമ്പോള്‍ ഈ ദേശവും ദേശക്കാരും ഈ മനുഷ്യന്റെ ഉള്ളില്‍ എത്രത്തോളം പതിഞ്ഞു കാണും എന്നൂഹിക്കാവുന്നതേ ഉള്ളൂ. 
  
സവിശേഷമായ ഭാവവും ഇടക്കിടെ കുടഞ്ഞു കെട്ടുന്ന വെളുത്ത തോര്‍ത്തുമുണ്ടുമായി നാട്ടിടവഴികളിലൂടെ പോയിരുന്ന ദേശത്തിന്റെ ഈ ചരിത്ര സൂക്ഷിപ്പുകാരന്റെ പെരുമ കാലമെത്ര കടന്നാലും നിലനില്‍ക്കും. വരും തലമുറകള്‍ക്കു പറഞ്ഞുകൊടുക്കാനുള്ള നാടിന്റെ ഇതിഹാസമാണ് ഇന്ന് മണ്ണോടു ചേര്‍ന്നത്. ഓര്‍ത്തെടുക്കാന്‍ എത്രയെത്ര കഥകള്‍ സമ്മാനിച്ചാണ് ഈ മനുഷ്യന്‍ നൂറ്റിയൊന്നാം വയസ്സില്‍ ഒരു വലിയ കഥയായി ശേഷിച്ചത്.

ഭാര്യ: പരേതയായ ഖദീജ. മക്കള്‍: അമ്മദ് കെ.വി, അലി ടി.കെ, സുബൈദ പി.എസ്, അബൂബക്കര്‍ ടി.കെ.

കടപ്പാട്: ടൗണ്‍ബുക്ക് പൂനൂര്‍
Previous Post Next Post
3/TECH/col-right