Trending

വാക്‌സിന്‍ ലഭിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് അനിവാര്യം; സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ

ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിൻ ലഭിക്കാൻ ആധാർ കാർഡ് ഉൾപ്പടെ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്ര സർക്കാർ. വാക്സിന്റെ മോഷണം തടയുന്നതിനുള്ള കർശന നടപടികൾ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം. വാക്സിൻ വിതരണത്തിന്റെ ഏകോപനം കേന്ദ്ര സർക്കാരിന്റെ 20 മന്ത്രാലയങ്ങൾ വഹിക്കുമെന്നും സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയ മാർഗ്ഗരേഖയിൽ കേന്ദ്ര സർക്കാർ വിശദീകരിച്ചിട്ടുണ്ട്.

ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസെൻസ്, ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസിലെ പാസ് ബുക്ക്, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് വാക്സിൻ കുത്തിവെപ്പിനായി ഹാജരാക്കണം. ഇവ ഇല്ലെങ്കിൽ പെൻഷൻ കാർഡ്, തൊഴിൽ മന്ത്രാലയം നൽകുന്ന ഇൻഷുറൻസ് കാർഡ്, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന തൊഴിൽ കാർഡ്, ദേശിയ ജനസംഖ്യ രജിസ്റ്ററിന്റെ ഭാഗമായി ലഭിക്കുന്ന സ്മാർട്ട് കാർഡ് എന്നിവയിൽ ഒന്ന് ഹാജരാക്കിയാലും മതിയാകും.

കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർക്കും പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ മതിയാകും. എം.പിമാർ, എംഎൽ എമാർ തുടങ്ങിയവർ ജനപ്രതിനിധികൾ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാലും വാക്സിൻ കുത്തിവയ്പ്പ് ലഭിക്കും.

ആരോഗ്യ പ്രവർത്തകർ, കോവിഡിന് എതിരായ മുന്നണി പോരാളികൾ, അമ്പത് വയസ്സിന് മുകളിൽ ഉള്ളവർ തുടങ്ങിയവർക്ക് ആണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. ഇവർക്ക് പുറമെ പ്രമേഹം, ഹൈപ്പർ ടെൻഷൻ, ശ്വാസകോശ അസുഖങ്ങൾ ഉള്ളവർ എന്നിവർക്കും ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭിക്കും. അമ്പത് വയസ്സിന് മുകളിൽ ഉള്ളവരെ ഏറ്റവും പുതിയ വോട്ടർ പട്ടിക ഉപയോഗിച്ചാകും കണ്ടെത്തുക എന്നും മാർഗ്ഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലഭ്യത കുറവായതിനാൽ വാക്സിന്റെ ചെറിയ മോഷണം പോലും തടയാൻ ഉള്ള കർശന നടപടി സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം എന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച മാർഗ്ഗ രേഖയിൽ നിർദേശിച്ചിട്ടുണ്ട്. മോഷണം നടന്നു എന്ന പരാതി ലഭിച്ചാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യുകയും, പോലീസ് അന്വേഷണം നടത്തി കുറ്റക്കാർക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും മാർഗ്ഗ രേഖയിൽ വിശദീകരിച്ചിട്ടുണ്ട്.

രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വാക്സിൻ കുത്തിവയ്ക്കുക. ഒരു കുത്തിവെപ്പ് കേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പടെ അഞ്ച് ജീവനക്കാർ ആകും ഉണ്ടാകുക. ഡോക്ടർക്ക് പുറമെ നേഴ്സ്, ഫർമസിസ്റ്റ്, പോലീസ്, ഗാർഡ് എന്നിവർ വാക്സിൻ കുത്തിവയ്പ്പ് കേന്ദ്രത്തിൽ ഉണ്ടാകും. ഒരേ സ്ഥലത്ത് ഒന്നിലധികം വാക്സിൻ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ ഉണ്ടാകാം. പക്ഷേ ഒരു ജില്ലയിൽ ഒരു കമ്പനിയുടെ വാക്സിൻ മാത്രമേ ഉപയോഗിക്കാവു എന്നും മാർഗ്ഗരേഖയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആഭ്യന്തരം, പ്രതിരോധം, റെയിൽവെ, വ്യോമയാനം, ഊർജ്ജം, തൊഴിൽ, സ്പോർട്ട്സ്, ന്യൂനപക്ഷ ക്ഷേമം, വനിത - ശിക്ഷു ക്ഷേമം തുടങ്ങി 20 കേന്ദ്ര മന്ത്രാലയങ്ങൾ ആണ് വാക്സിൻ വിതരണം ഏകോപിപ്പിക്കുക. നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ അധ്യക്ഷനായ ദേശിയ വിദഗ്ധ സംഘത്തിനാണ് വാക്സിൻ വിതരണത്തിന്റെ ഏകോപന പ്രവർത്തനങ്ങളുടെ ചുമതല.
Previous Post Next Post
3/TECH/col-right