ന്യൂഡൽഹി:വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധസംഘടനകൾക്ക് കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ചുരുങ്ങിയത് മൂന്നുവർഷമായി നിലവിലുളളതും സന്നദ്ധപ്രവർത്തനങ്ങൾക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതുമായ സംഘടനകൾക്ക് മാത്രമേ ഇനി വിദേശ ധനസഹായം സ്വീകരിക്കുന്നതിന് അനുമതിയുണ്ടാകൂ.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന എൻജിഒ ഭാരവാഹികൾ വിദേശസംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുളളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നൽകുന്നവരിൽ നിന്ന് ഹാജരാക്കണമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എൻ.ജി.ഒ. ഭാരവാഹിയുടെ ആധാർ നമ്പർ നിർബന്ധമാക്കി നിയമത്തിൽ ഭേദഗതി വരുത്തി ഏകദേശം രണ്ടുമാസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ എഫ്.സി.ആർ.എ. നിയമങ്ങൾ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.
വിദേശധനസഹായം സ്വീകരിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങുന്ന വ്യക്തിക്കോ, എൻ.ജി.ഒയ്ക്കോ എഫ്.സി.ആർ.എ അക്കൗണ്ട് ഉണ്ടായിരിക്കണം. വിദേശധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവർത്തകൻ സംഭാവന നൽകുന്ന സംഘടനയുടെ ഭാഗമായിരിക്കരുത്. കൂടാതെ സന്നദ്ധസംഘടനയിലെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ, ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നൽകുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്.
ധനസഹായം നൽകുന്നത് ഒരു വ്യക്തിയാണെങ്കിൽ ആ വ്യക്തി, ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യ പ്രവർത്തകനോ, ഓഫീസ് ഭാരവാഹിയോ ആകാൻ പാടില്ല. കൂടാതെ, സന്നദ്ധസംഘടനയുടെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ അല്ലെങ്കിൽ ഭരണസമിതി അംഗങ്ങളോ സംഭാവന നൽകുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളോ, അടുത്ത ബന്ധുക്കളോ ആയിരിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ നിയമത്തിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ, സർക്കാർ ജീവനക്കാർ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങൾ എന്നിവരെ വിദേശ സഹായം സ്വീകരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.
2016-17, 2018-19 കാലയളവിനിടയിൽ എഫ്സിആർഎ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള എൻജിഒകൾ ഇതുവരെ 58,000 കോടി രൂപയാണ് വിദേശധനസഹായമായി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏകദേശം 22,400 എൻ.ജി.ഒകളാണ് ഉളളത്.
Tags:
INDIA