Trending

ഹജ്ജ് എംബാർക്കേഷൻ പോയിന്റായി കരിപ്പൂരിനെ പരിഗണിക്കണം:കേന്ദ്രത്തിനു കാന്തപുരത്തിന്റെ നിവേദനം

ന്യൂ ഡൽഹി: 2021ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള എംബാർക്കേഷൻ പോയിൻ്റുകളിൽ നിന്ന് കരിപ്പൂർ എയർപോർട്ടിനെ ഒഴിവാക്കിയ നടപടി പുനപരിശോധിക്കണമെന്ന് ഇന്ത്യൻ ഗ്രാന്റ്മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കേന്ദ്രസർക്കാരിന് നിവേദനം നൽകി. കാന്തപുരത്തിൻ്റെ പ്രതിനിധിയായി ഡൽഹിയിലെത്തിയ, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷനും മർകസ് ഡയരക്ടറുമായ  ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയെ കണ്ട് നിവേദനം കൈമാറി.

കേരളത്തിലെ ഹജ്ജ് തീർഥാടകരിൽ 80 ശതമാനവും മലബാറിൽ നിന്നുള്ളവരാണെന്നും എയർപോർട്ടിനോട് ചേർന്ന് കോടികൾ ചെലവിട്ട്  നിർമ്മിച്ച ഹജ്ജ് ഹൗസ് ഉണ്ടായിരിക്കേയാണ് ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടത്ര സൗകര്യമില്ലാത്ത കൊച്ചി എയർപോർട്ടിലേക്ക് എബാർക്കേഷൻ പോയിന്റ്  മാറ്റിയിരിക്കുന്നത് എന്നും അദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.

3,000 തീർത്ഥാടകർക്ക് സുഖമായി താമസിക്കാവുന്ന സൗകര്യങ്ങൾ ഉപേക്ഷിച്ച്  സൗകര്യങ്ങൾ നന്നേ കുറഞ്ഞ നെടുമ്പാശ്ശേരിയെ  തിരഞ്ഞെടുത്തതിനു പിന്നിൽ ചില വ്യവസായലോബികൾ ആണെന്നും അത്തരം നിക്ഷിപ്ത താൽപര്യങ്ങൾ വകവച്ചു കൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ആവശ്യമായ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. ഇതേ ആവശ്യമുന്നയിച്ചുള്ള  എസ്.വൈ.എസിൻ്റെ നിവേദനവും മന്ത്രിക്ക് കൈമാറിയതായി ഡോ.എ പി അബ്ദുൽ ഹക്കീം അസ്ഹരി അറിയിച്ചു.

Previous Post Next Post
3/TECH/col-right