കോഴിക്കോട്: സിമൻറിന് വിപണിയിൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് കൊള്ളവില ഈടാക്കുകയാണെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നിശ്ചലമായ നിർമാണമേഖല സജീവമാകുന്ന സാഹചര്യത്തിലാണ് സിമൻറിന് കമ്പനികൾ കൊള്ളവില ഈടാക്കുന്നത്.
എ ഗ്രേഡ് സിമൻറുകൾക്ക് ബാഗ് ഒന്നിന് 50 രൂപവരെയാണ് വർധിപ്പിച്ചിരിക്കുന്നത്. വിപണിയിലെവില പിടിച്ചു നിർത്തേണ്ട പൊതുമേഖലാ സ്ഥാപനമായ മലബാർ സിമൻറ്സും വില വർധിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്താകെ ഏകദേശം 10 ലക്ഷം ടൺ സിമൻറാണ് വിറ്റഴിക്കപ്പെടുന്നത്. വിലകൂട്ടി കമ്പനികൾ നടത്തുന്ന പകൽക്കൊള്ളമൂലം ചെറുകിട കെട്ടിടനിർമാണം ഏറെക്കുറെ നിലച്ചമട്ടാണ്.
വില കുറച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ അറിയിച്ചു. പ്രസിഡൻറ് പി.കെ. ചന്ദ്രൻ, വൈസ് പ്രസിഡൻറ് സന്തോഷ് കുമാർ, ജോ. സെക്രട്ടറി കെ. നൈജു, അബ്ദുൽ ഗഫൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.