Trending

വിശ്വവിമോചക പ്രകീർത്തനം; ഒരു കോവിഡ് കാല വായന ✍️ ഡോ. ഇസ്മാഈൽ മുജദ്ദിദി

പൊതുവെ കുട്ടിക്കാലത്ത് സന്ധ്യക്കു ശേഷം പുറത്തിറങ്ങാനാവില്ല, വീട്ടിലിരുന്ന് പുസ്തകങ്ങൾ വായിക്കണം, എഴുതണം, പഠിക്കണം. എന്നാൽ റബീഉൽ അവ്വൽ പന്ത്രണ്ടാം രാവിനും രണ്ട് പെരുന്നാൾ രാവിനും അത്തരം നിയന്ത്രണങ്ങളിൽ ഇളവുണ്ടായിരുന്നു. സന്തോഷം അലതല്ലുന്ന ഹൃദയതാളങ്ങൾ അന്ന് സ്വതന്ത്രമായി പാറി നടന്നു. കടിഞ്ഞാണില്ലാത്ത കുതിരയായിരുന്നു അത്. ഉറക്കമൊഴിച്ച് ആ രാവുകളെ ധന്യമാക്കി. അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങളിൽ മുഴുകി മിഴിയടയാത്ത രാവുകൾ...
 

ജീവിത വ്യവഹാരങ്ങളുടെ പോയവർഷങ്ങളിൽ അവയുടെ പ്രകൃതം പാടെ മാറി വന്നു. പുതിയ തലമുറകളിൽ അവരുടേതായ പകിട്ടുണ്ടായിരിക്കാം. അവ അടുത്ത് കാണാൻ പോലും സമയം അനുവദിക്കാത്ത അന്തരീക്ഷം. മതപഠനകാലത്ത് മന:പാഠമാക്കിയ പ്രസംഗം നിർവഹിച്ചത് മൂന്നാം ക്ലാസിലായിരുന്നു. പിന്നെ എല്ലാ വർഷവും നബിദിനത്തിലെ പ്രസംഗകനായി തുടർന്നുപോന്നു. നേരത്തെ തന്നെ മദ്ഹും ബൈത്തുകളും പ്രാക്ടീസ് ചെയ്യുകയും അത് ഞായറാഴ്ചകളിൽ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ച് കഴിവ് തെളിയിക്കുകയും ചെയ്തു പോന്ന ദിനങ്ങൾ. 
 
 
 
കോളാമ്പി സ്പീക്കറുകൾ തോളിലേറ്റി ഉരുട്ടുന്ന സൈക്കിളിൽ ആംപ്ലിഫയർ ഘടിപ്പിച്ചു ഘോഷയാത്രയിൽ ചേരുമ്പോൾ ലഭിക്കുന്ന മിഠായികളുടെ എണ്ണം സഹപാഠികളോട് പങ്കുവച്ചിരുന്ന ദിനങ്ങൾക്ക്  ഓരോ പത്ത് വർഷത്തിലും വരുന്ന മാറ്റങ്ങൾ ചെറുതല്ല.പ്രവാചക കീർത്തന പൊതുപരിപാടികളിൽ വലിയ മാറ്റങ്ങളെയാണ്  കാണാനുള്ളത്.അക്കാലം മുതലേ കാതുകളിൽ പ്രവാചക പ്രകീർത്തനങ്ങൾ അലയടിക്കുന്നുണ്ട്. 
 
പിന്നീട് പരന്ന വായനയിലൂടെയും പ്രശസ്തരുടെ പ്രഭാഷണങ്ങളിലൂടെയുമാണ് വിശ്വവിമോചകൻ്റെ ജീവിത ചരിത്രം മനസ്സിൽ പതിഞ്ഞത്. "വിമോചകൻ " എന്ന പദത്തിൻ്റെ വ്യാപ്തി മനസിലാക്കാൻ ആറാം നൂറ്റാണ്ടിൻ്റെ സാമൂഹിക പശ്ചാത്തലം പരിചയപ്പെട്ടേ തീരൂ. സകലവിധ സാമൂഹിക അരാചകങ്ങളെയും തൂത്തെറിഞ്ഞ ഇരുപത്തിമൂന്ന് വർഷത്തെ ജീവിത സന്ധാരണം ലോകത്തിനു തുല്യതകളില്ലാത്ത മാതൃകയാണ് പകർന്നു നൽകിയത്. ഭാഷ - ദേശ-വർണ വ്യത്യാസമില്ലാതെ സർവ സാഹോദര്യത്തിൻ്റെ വിചാരങ്ങൾ പകർന്നു നൽകുന്നതിന് സത്യാസത്യവിവേചനത്തിൻ്റെ ഉദാത്തവും ഉൽകൃഷ്ടവുമായ നേതൃത്വം തിരുനബി സാധ്യമാക്കി. 
 
പരമ്പരാഗതമായി വച്ചു പുലർത്തിയ വിശ്വാസാചാരങ്ങളിലെ വൈരുദ്ധ്യങ്ങൾ വരച്ചുകാട്ടിയപ്പോൾ, അധികാരവും സ്ഥാനമാനങ്ങളും പ്രശസ്തിയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വിശുദ്ധ പ്രവാചകനെ സംഹരിക്കാൻ വളഞ്ഞിട്ട് ആക്രമിക്കാൻ വന്നവർ കൂട്ടത്തോടെ പ്രസ്തുത ആദർശ സംഹിതയുടെ അനുയായികളായി മാറുന്ന സ്ഥിതിയുണ്ടായി. മുസ്ത്വഫ  (തിരഞ്ഞെടുക്കപ്പെട്ടവൻ) എന്ന ഖ്യാതിയെ വിസ്മയകരമായ പരിവർത്തനങ്ങളിലൂടെ പരിചയപ്പെടുത്തി. ശൈശവം മുതൽ പരിശുദ്ധിയുടെയും വിശ്വസ്തതയുടെയും രജതരേഖകൾ അടയാളപ്പെടുത്തിയ തീരുനബി സ്വന്തക്കാരുടെയും സതീർത്ഥ്യരുടെയും ശത്രുക്കളുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് ലോകത്തോടു വിടപറഞ്ഞത്. 
 
കുടുംബ ജീവിതത്തിൻ്റെ മഹിതമായ സന്ദേശങ്ങൾ, അന്തരാവകാശം, സാമൂഹിക ജീവിതവ്യവസ്ഥകൾ, നേതൃത്വവും അനുചരന്മാരും വർത്തിക്കേണ്ട നടപടികൾ, സന്താന പരിപാലനം, വ്യാപാരാദി വ്യവഹാരങ്ങൾ, കരാർ പാലനം തുടങ്ങിയവ നിർബന്ധമായും അനുവർത്തിക്കാൻ ആവശ്യമായ നിർദേശങ്ങൾ സമുദായത്തിന് പ്രദാനം ചെയ്ത് എല്ലാ മേഖലകളിലും വിശ്വാസി പുലർത്തേണ്ട സ്വഭാവരീതികൾ വിശദീകരിച്ച്  ലോക ജനതയ്ക്ക് അത്യുത്തമ മാർഗനിർദ്ദേശങ്ങൾ നൽകി സംസ്കരിച്ചെടുത്ത പുണ്യദൂതരുടെ അപദാനങ്ങൾ കവി വചനങ്ങളിൽ ഹ്രസ്വമായിപ്പറയാം:
    "സന്മാർഗം ( നബി) ജന്മം കൊണ്ടു, പ്രപഞ്ചം പ്രകാശപൂരിതമായി. കാലം സുസ്മേരവദനത്തിലും പ്രകീർത്തനത്തിലുമായി"
 
ഈ കോവിഡ് കാലത്ത് പൊതുപരിപാടികൾക്ക് നിയന്ത്രണമാണെങ്കിലും പ്രവാചക സ്നേഹത്തിൻ്റെ പ്രകടനങ്ങൾക്ക് കടിഞ്ഞാണില്ല. ലോക സമസ്യകളുടെ പരിഹാരം തിരുനബി പ്രണയവും സ്വലാത്തുകളുടെ അനവരത പ്രവാഹവും തന്നെ.
 
"സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം"
Previous Post Next Post
3/TECH/col-right