അഞ്ചു മക്കൾക്കുമൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച ഗുരുവായൂരിലെത്തി. സ്വർണത്തള കാണിക്കയായി നൽകി. ''കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണൻ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളർത്താനുള്ള കരുത്ത് തന്നതും കണ്ണൻ തന്നെ...'' ക്ഷേത്രസന്നിധിയിൽ പഞ്ചരത്നങ്ങളെ ചേർത്തുപിടിച്ച് അമ്മ പറഞ്ഞു.
 
 
ഫാഷൻ ഡിസൈനറായ ഉത്രയെ മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്. മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവർത്തകൻ തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്നീഷ്യൻ ഉത്തമയെ മസ്കറ്റിൽ അക്കൗണ്ടന്റായ ജി. വിനീതും താലികെട്ടി. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യ ടെക്നീഷ്യൻ ഉത്രജയുടെ വരൻ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തിൽ അനസ്തീഷ്യ ടെക്നീഷ്യൻ തന്നെയാണ്. പെൺമക്കളിൽ നാലുപേരുടെയും വിവാഹം ഒന്നിച്ചു നടത്താനായിരുന്നു ആഗ്രഹിച്ചത്. ആകാശിന് നാട്ടിലെത്താൻ കഴിയാത്തതുകാരണം അവരുടെ വിവാഹം മാത്രം നീട്ടിവയ്ക്കേണ്ടിവന്നു.

തിരുവനന്തപുരം പോത്തൻകോട് പ്രേംകുമാർ-രമാദേവി ദമ്പതിമാർക്ക് 1995 നവംബർ 18-നാണ് അഞ്ചുപേരും ജനിച്ചത്. വൃശ്ചികമാസത്തിലെ ഉത്രം നാളിൽ പിറന്നതുകൊണ്ട് അവർക്ക് സാമ്യമുള്ള പേരുകളിട്ടു. ഇവർ കുട്ടികളായിരിക്കേ പ്രേംകുമാർ മരിച്ചു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് രമാദേവി അഞ്ചുപേരെയും വളർത്തി വലുതാക്കി. അഞ്ചുപേരും പഠിച്ച് ജോലി നേടുകയും ചെയ്തു.