Trending

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം കാണാൻ അനുമതി, പുതിയ മാർഗനിർദേശം

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം അവസാനമായി  കാണാന്‍ ബന്ധുക്കൾക്ക് അനുമതി. മാനദണ്ഡങ്ങൾ പാലിച്ച് മതപരമായ ചടങ്ങുകൾ നടത്താം. സ്പർശിക്കാനോ കുളിപ്പിക്കാനോ പാടില്ലെന്നും വ്യക്തമാക്കി  മാർഗനിർദേശം സർക്കാർ പുറത്തിറക്കി. മതപരമായ ചടങ്ങുകൾ അനുവദിക്കണമെന്ന് വിവിധ മതസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. 


കോവിഡ് ബാധിച്ചു മരിക്കുന്നവരെ പ്രിയപ്പെട്ടവർക്കിനി ഒരു നോക്ക് കാണാം.  സംസ്കാരത്തിനു മുമ്പ് മൃതദേഹം പൊതിയുന്ന കവറിന്റെ മുഖഭാഗത്തെ സിബ് മാറ്റി അടുത്ത ബന്ധുക്കളെ കാണിക്കാനാണ് അനുമതി. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകള്‍ ശരീത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാം. മൃതദേഹം  കുളിപ്പിക്കാനോ ചുംബിക്കാനോ പാടില്ല. 

60 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട്  സമ്പര്‍ക്കം  പുലർത്തരുത്.  സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യാം.   

ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതിന്  ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം.

ശ്മശാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി, അവധി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കല്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കല്‍ തുടങ്ങിയവ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും മാർഗ നിർദേശത്തിലുണ്ട്.
Previous Post Next Post
3/TECH/col-right