Trending

‘നീറ്റി’ലെ മികവിലും; ഇല്ലായ്മയുടെ നീറ്റലിൽ അബൂബക്കർ സിദ്ദിഖ്

നരിക്കുനി: ഇതൊരു കൗമാരക്കാരന്റെ അതിജീവന കഥയാണ്. മാനസിക വെല്ലുവിളി നേരിടുന്ന രോഗിയായ പിതാവ്, കോഴിമുട്ട വിറ്റ് കിട്ടുന്ന തുച്ഛമായ പണം കൊണ്ട് മൂന്നു മക്കളുൾപ്പെട്ട കുടുംബത്തിന് വിശപ്പടക്കാൻ പാടുപെടുന്ന നട്ടെല്ലിന് അസുഖമുള്ള മാതാവ്, ഇരുന്നുപഠിക്കാൻ മേശയോ കസേരയോ ഇല്ലാത്ത കാലപ്പഴക്കം ചെന്ന് ജീർണിച്ച് നിലംപൊത്താറായ വീട്... ദുരിതങ്ങളുടെ നടുവിൽ നിന്നാണ് മടവൂർ മേലാനിക്കോത്ത് അബൂബക്കർ സിദ്ദിഖ് നീറ്റ് പരീക്ഷയിൽ മികവാർന്ന റാങ്ക് കരസ്ഥമാക്കിയത്.

മഴ ചോരാതിരിക്കാൻ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഈ കൂരയിലേക്കാണ് ഒ.ബി.സി. വിഭാഗത്തിൽ നീറ്റ് പരീക്ഷയിൽ 1028-ാം റാങ്ക് എത്തിച്ചേർന്നതെന്നത് ഒന്നാംറാങ്കിനെക്കാൾ തിളക്കത്തോടെയാണ് നാട്ടുകാർ കാണുന്നത്.

720-ൽ 655 മാർക്ക് നേടിയാണ് അഖിലേന്ത്യാതലത്തിൽ 3110-ാം റാങ്കും OBC വിഭാഗത്തിൽ 1028-ാം റാങ്കും അബൂബക്കർ സ്വന്തമാക്കിയത്. എം.ബി.ബി.എസിന് കോഴിക്കോട്ടോ, തിരുവനന്തപുരത്തോ ചേരാനുള്ള ഒരുക്കത്തിലാണ് അബൂബക്കർ. പഠനമികവിന് കിട്ടിയ സമ്മാനങ്ങൾ സൂക്ഷിച്ചുവെക്കാനെങ്കിലും പറ്റാവുന്ന തരത്തിൽ ചോർന്നൊലിക്കാത്ത, അടച്ചുറപ്പുള്ള ഒരു വീട് ഈ കൗമാരക്കാരന് ഇപ്പോഴും ഒരു സ്വപ്നം മാത്രമാണ്.

അബൂബക്കർ സിദ്ദിഖിന് അർഹതയുള്ള അബൂബക്കറിന്റെ കുടുംബം പി.എം.എ.വൈ. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ലൈഫിൽ നൽകിയ അപേക്ഷ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്. അപേക്ഷാ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കപ്പെടണം. 17 വാർഡുകളുള്ള മടവൂർ പഞ്ചായത്തിന് പദ്ധതിപ്രകാരം കഴിഞ്ഞവർഷം 15 വീടുകൾ മാത്രമാണ് ലഭിച്ചത്.

സക്കീന മുഹമ്മദ് (വാർഡ് മെമ്പർ )

അബൂബക്കർ സിദ്ദിഖിന്റെ കുടുംബം നിലവിൽ പി.എം.എ.വൈ. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയിലേക്ക് നൽകിയ അപേക്ഷകളുടെ പരിശോധന പൂർണമായിട്ടില്ല.

ശ്രീലത, (വി.ഇ.ഒ.)

വേണം ചോർന്നൊലിക്കാത്തഒരു വീട്‌
 
പ്രവേശന പരീക്ഷയുടെ തലേന്ന് പോലും മഴയിൽ വീട് ചോർന്നൊലിച്ചിരുന്നതായി അബൂബക്കറിന്റെ മാതാവ് റഹ്മത്ത് പറയുന്നു. സ്വന്തമായുള്ള എട്ട് സെന്റ് സ്ഥലത്ത് മൺകട്ട കൊണ്ട് കെട്ടിയ ഓടുമേഞ്ഞ രണ്ട് മുറികളുള്ളതാണ് ഇപ്പോഴത്തെ വീട്. ഭവനപദ്ധതികളിലേക്കായി പഞ്ചായത്തിൽ പലതവണ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല.

റഹ്മത്ത് കോഴിമുട്ട വിറ്റും നാട്ടുകാരുടെ സഹായം കൊണ്ടുമാണ് കുടുംബം മുന്നോട്ടുപോവുന്നത്. അബൂബക്കറിന് ഒരു ഇളയ സഹോദരനും സഹോദരിയുമാണുള്ളത്. മകന്റെ മികവിൽ ആഹ്ലാദിക്കുമ്പോഴും അവന്റെ തുടർപഠനത്തെചൊല്ലി ഉമ്മയ്ക്ക് ആശങ്ക വിട്ടൊഴുന്നില്ല. അതിനിടയിൽ ചോർന്നൊലിക്കാത്ത ഒരു കൂരയ്ക്കായി ഇനിയുമെത്ര നാൾ കാത്തിരിക്കണമെന്നത് ചോദ്യചിഹ്നമാണ്.

പഠനവും അതിജീവനവും
 
മേലാനിക്കോത്ത് ഇല്യാസ് - റഹ്മത്ത് ദമ്പതിമാരുടെ മൂത്ത മകനായ അബൂബക്കർ സിദ്ധിഖ് പത്താം ക്ലാസ് വരെ ട്യൂഷന് പോയിരുന്നില്ല. എങ്കിലും പത്തിൽ ഒമ്പത് വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പ്ലസ് ടുവിന് 96.75 ശതമാനത്തോടെ മുഴുവൻ എ പ്ലസുകൾ നേടി. +2 വിന് നരിക്കുനി 'കാറ്റലിസ്റ്റ് ' പിന്നീട് നീറ്റ് പരിശീലനത്തിന് ബാലുശ്ശേരി കാറ്റലിസ്റ്റിലും സൗജന്യമായി പഠിച്ചു. ബാലുശ്ശേരിയിലേക്കള്ള സൗജന്യ യാത്രയ്ക്ക്  സ്വകാര്യ ബസ് ഉടമകളും സഹായിച്ചു. ചക്കാലക്കൽ ഹയർ സെക്കണ്ടറി  സ്കൂളിലായിരുന്നു SSLC, +2 പഠനം.
Previous Post Next Post
3/TECH/col-right