Trending

പ്രവാസിക്ക് കോവിഡ് പോസിറ്റിവെന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബിനെതിരെ പരാതി

പൂനൂർ:പ്രവാസി യുവാവിന് കോവിഡ് ബാധിച്ചെന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ സ്വകാര്യ ലാബിനെതിരെ പരാതി. അവധിക്ക് നാട്ടില്‍ വന്ന്​ അബൂദബിയിലേക്ക് തിരിച്ചുപോകുന്നതിനുമുമ്പ് കോവിഡ് പരിശോധന നടത്തിയ പ്രവാസി യുവാവിന് കോഴിക്കോട്ടെ സ്വകാര്യ ലാബില്‍നിന്ന്​ കോവിഡ് പോസിറ്റിവാണെന്ന് തെറ്റായ റിസല്‍ട്ട്​​ നല്‍കിയെന്നാണ് പരാതി.

കോവിഡ് വ്യാപനത്തിനുമുമ്പ് നാട്ടില്‍ വന്ന താമരശ്ശേരി കോരങ്ങാട് കുഴിമണ്ണില്‍പുറായില്‍ കെ.പി. ഷമീർ അബൂദബിയിലെ സ്വകാര്യ കമ്പനി ജോലിക്ക് എത്താനാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആറിന്​ കോഴിക്കോട് പുതിയറയിലെ സ്വകാര്യ ലാബില്‍നിന്ന് ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റ്​ നടത്തി.
 

എന്നാല്‍, പരിശോധനഫലം അറിയുന്നതിന്​ അവരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം കിട്ടിയില്ല. ഇതേത്തുടർന്ന്​ അടുത്ത ദിവസം രാവിലെ തന്നെ സ്ഥാപനത്തിലെത്തി റിസല്‍ട്ട്​ ആവശ്യപ്പെട്ടെങ്കിലും വൈകീട്ടാണ് പോസിറ്റിവാണെന്ന് റിസല്‍ട്ട് നല്‍കിയത്.

സംശയം തോന്നിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്തെ ഐ.സി.എം.ആര്‍ അംഗീകാരമുള്ള മറ്റൊരു ലാബില്‍ പരിശോധന നടത്തി. ഇതിൻ്റെ ഫലം നെഗറ്റിവ് ആയിരുന്നു. അന്നു രാത്രിതന്നെ അബൂദബിക്ക്​ പോവുകയും ചെയ്തു. അബൂദബി ഇൻറർനാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന്​ ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റ്​ നടത്തി. ആ ടെസ്​റ്റ്​ ഫലവും നെഗറ്റിവ് ആയിരുന്നു. തുടര്‍ന്ന് ജോലിസ്ഥലമായ അബൂദബിയിലും കോവിഡ് ടെസ്​റ്റ്​ നടത്തിയെങ്കിലും ഫലം നെഗറ്റിവ് ആയിരുന്നുവെന്ന് ഷമീര്‍ പറഞ്ഞു.
 
കോഴിക്കോട് പുതിയറയിലെ ലാബില്‍ നിന്നുള്ള തെറ്റായ വിവരത്തെ തുടര്‍ന്ന്​ ആരോഗ്യവകുപ്പ്​ അധികൃതര്‍ യുവാവി​െൻറ വീട്ടിലെത്തി നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് കുടുംബത്തിന് ഏറെ പ്രയാസങ്ങള്‍ സൃഷ്​ടിച്ചെന്നും സമൂഹത്തില്‍നിന്ന്​ ഒറ്റപ്പെട്ടെന്ന തരത്തില്‍ മാനസിക സംഘര്‍ഷത്തിന് കാരണമായതായും പരാതിയില്‍ പറയുന്നു. 
 
തെറ്റായ കോവിഡ് റിസല്‍ട്ട്​ നല്‍കിയ ലാബിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷമീര്‍ ആരോഗ്യമന്ത്രി, ജില്ല കലക്ടര്‍, ഡി.എം.ഒ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

Previous Post Next Post
3/TECH/col-right