Trending

നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷണ പരമ്പര.

കൊടുവള്ളി കണിയാര്‍കണ്ടം, നടമ്മല്‍ പൊയില്‍ പ്രദേശങ്ങളില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷണ പരമ്പര. രണ്ടു വീടുകളില്‍ നിന്നായി പത്തു പവന്‍ സ്വര്‍ണവും നാല്‍പതിനായിരം രൂപയും അപഹരിച്ചു. സമീപത്തെ മറ്റൊരു വീട്ടിലും വെളിമണ്ണയിലെ രണ്ട് വീടുകളിലും കഴിഞ്ഞ ദിവസം മോഷണം നടന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ വിവിധ സി സി ടി വിക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

 
ഓമശ്ശേരി പഞ്ചായത്തിലെ കണിയാര്‍കണ്ടം അങ്ങാടിയോട് ചേര്‍ന്നുള്ള പുലിപ്പാലില്‍ സിദ്ദീഖിന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വീടിന് പുറത്തുണ്ടായിരുന്ന കോണി ഉപയോഗിച്ച് ടറസില്‍ കയറിയാണ് മോഷ്ടാവ് അകത്ത് കടന്നത്. ഉറങ്ങുകയായിരുന്ന കുട്ടിയുടെ ദേഹത്തുള്ള ആഭരണങ്ങള്‍ കവര്‍ന്ന ശേഷം മാതാവിന്റെ ആഭരണം പിടിച്ചു പറിക്കുന്നതിനിടെ മാതാവ് ഉണര്‍ന്നു. ഇതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. 
 
മൂന്നര പവനോളം ആഭരണങ്ങളും നാല്‍പ്പതിനായിരം രൂപയോളം വരുന്ന യു എ ഇ ദിര്‍ഹമുമാണ് നഷ്ടപ്പെട്ടത്. ഉടന്‍ തന്നെ സമീപത്തെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവ് രക്ഷപ്പെടുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇവരുടെ സമീപത്തെ വീട്ടിലും കഴിഞ ദിവസം മോഷ്ടാവ് എത്തിയിരുന്നു. വീട്ടിലെ സാധനങ്ങള്‍ വാരി വലിച്ചിട്ട മോഷ്ടാവ് മുറ്റത്തുണ്ടായിരുന്ന സൈക്കിളുമായാണ് സ്ഥലം വിട്ടത്. 
 
വ്യാഴാഴ്ച പുലര്‍ച്ചെ സമീപ പ്രദേശമായ നടമ്മല്‍ പൊയിലിലും കവര്‍ച്ച നടന്നു. നടമ്മല്‍ കാദര്‍ ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കാദര്‍ ഹാജിയുടെ മകന്‍ സിദ്ദീഖിന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ആഭരണങ്ങളാണ് മോഷ്ടാവ് അപഹരിച്ചത്. തുറന്നിട്ട ജനലിനുള്ളിലൂടെ കയ്യിട്ടാണ് കവര്‍ച്ച നടത്തിയത്. മോഷ്ടാവിന്റെ കയ്യില്‍ നിന്നും വീണ ആഭണങ്ങള്‍ വീട്ടിനുള്ളില്‍ നിന്നും ലഭിച്ചു. ആറര പവനോളമാണ് ഇവിടെ നിന്നും മോഷ്ടാവ് കൈക്കലാക്കിയത്. ഇവിടെയും മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. 
 
കൊടുവള്ളി പോലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം വെളിമണ്ണയിലും സമീപത്തും വീടുകളില്‍ മോഷണം നടന്നിരുന്നു. കൊടുവള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം തുടര്‍ക്കഥയാവുന്നത് നാട്ടുകാരെ ഭീതിയിലാക്കുകയാണ്.
Previous Post Next Post
3/TECH/col-right