Trending

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരം ജാബിര്‍ കാരാട്ട് മന്ത്രി ഇ.പി.ജയരാജനിൽ നിന്ന് ഏറ്റുവാങ്ങി

കോഴിക്കോട്: സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവെക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം കോഴിക്കോട് അടിവാരം സ്വദേശി ജാബിര്‍ കാരാട്ട്  യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി.ജയരാജനിൽ നിന്ന് ഏറ്റു വാങ്ങി.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസ് എന്ന മാലിന്യ സംസ്‌കരണ സംരംഭത്തിന്റെ സ്ഥാപകനും സി ഇ ഒ യുമാണ് ജാബിര്‍ കാരാട്ട്. പരിസ്ഥിതി സൗഹൃദമായ മാലിന്യസംസ്‌കരണം, മാലിന്യ സംസ്‌കരണത്തിന്റെ സാമൂഹ്യ പ്രസക്തി, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ മികവുകള്‍ പരിഗണിച്ചാണ് ജാബിറിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ 28 കാരനായ ജാബിര്‍ ഗാന്ധി ഫെലോഷിപ്പ് നേടിയ ഏക മലയാളി കൂടിയാണ്. ഫെലോഷിപ്പിനായി മുംബൈയില്‍ ചെലവിട്ടപ്പോള്‍ ചേരിപ്രദേശങ്ങളിലെ മാലിന്യ കൂമ്പാരങ്ങളും അതിനിടയിലെ ജീവിതങ്ങളും പഠനവിധേയമാക്കിയപ്പോള്‍ നാട് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് മാലിന്യമാണെന്ന തിരിച്ചറിവാണ് ഈ രംഗത്തേക്ക് കടന്ന് വരാന്‍ പ്രചോദനമായത്.

2014ലാണ് ജാബിര്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗ്രീന്‍വേംസ് എന്ന സ്ഥാപനം തുടങ്ങുന്നത്. സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ഹോസ്പിറ്റലുകള്‍, അപാര്‍ട്‌മെന്റുകള്‍, വാണിജ്യ വ്യവസായ  സ്ഥാപനങ്ങള്‍, സമ്മേളനങ്ങള്‍, ഇവന്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഏതാണ്ട് 50,000 മെട്രിക് ടണ്‍ മാലിന്യങ്ങളാണ് കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് ഗ്രീന്‍വേംസ് സംസ്‌കരിച്ചത്.
നിലവില്‍ ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലേക്കും ലക്ഷദ്വീപിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തിയ ഗ്രീന്‍വേംസ് നിലവില്‍ 17 ഗ്രാമപഞ്ചായത്തുകള്‍, 250 വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 1200 മെട്രിക്  മാലിന്യമാണ് പ്രതിമാസം സംസ്‌കരിക്കുന്നത്. 

ഇരുന്നൂറ്റി അമ്പതോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമായി ഇപ്പോള്‍ മാറിയിട്ടുണ്ട്.മാലിന്യങ്ങള്‍ തരംതിരിച്ച് പ്രകൃതിക്ക് ദോഷകരമാവാത്ത രീതിയില്‍ പുനരുപയോഗിക്കുന്ന രീതിയാണ് അവലംബിക്കുന്നത്.
വീടുകളില്‍ ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള മാതൃകകളും ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍, വിവിധ ഫെസ്റ്റിവലുകള്‍, വിവാഹ പാര്‍ട്ടികള്‍ എന്നിവിടങ്ങളിലെ മാലിന്യ സംസ്‌കരണവും ഗ്രീന്‍വേംസ് ഏറ്റെടുക്കുന്നുണ്ട്. മാലിന്യ ഉല്‍പാദനം കുയ്ക്കുക, പരമാവധി പുനരുല്‍പാദനം നടത്തുക, മാലിന്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അന്തസ്സ് ഉയര്‍ത്തുക എന്നിയാണ് ഗ്രീന്‍വേംസിന്റെ പ്രധാന ലക്ഷ്യം. 

അടിവാരം മൊരട്ടമ്മല്‍ മുഹമ്മദ് - റംല ദമ്പതികളുടെ മകനാണ് ജാബിര്‍. ഹസ്‌നയാണ് ഭാര്യ. 

ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് വ്യവസായ-കായിക-യുവജന കാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 50000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും ആണ് അവാര്‍ഡ്.
Previous Post Next Post
3/TECH/col-right