Trending

കോഴിക്കോട്ടെ നിയന്ത്രണങ്ങളില്‍ ഇളവ്; ആരാധനാലയങ്ങളില്‍ ഇനി നൂറുപേര്‍ക്ക് ഒരുമിച്ച് കൂടാം

കോഴിക്കോട്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ആരാധനാലയങ്ങളില്‍ മാത്രം ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ച് കലക്ടര്‍ എസ്. സാംബശിവ റാവു. ഇനി മുതല്‍ 100 ആളുകള്‍ക്ക് വരെ ആരാധനാലയങ്ങളില്‍ പ്രാര്‍ഥനകളില്‍ പങ്കെടുക്കാം. 100 ചതുരശ്ര മീറ്ററില്‍ 15 പേര്‍ എന്ന നിലയില്‍ മാത്രമേ ആരാധനാലയങ്ങളില്‍ ഒരുമിച്ച് കൂടാന്‍ പാടുള്ളൂ. 


ആറടി അകലം പാലിക്കണം, മാസ്‌ക് ധരിക്കണം, ബ്രെയ്ക്ക് ദ ചെയിന്‍ പ്രോട്ടോകോള്‍ പാലിക്കണം, സന്ദര്‍ശകരുടെ വിവരങ്ങള്‍ സൂക്ഷിക്കണം, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കലക്ടര്‍ വിശദീകരിച്ചു. ജില്ലയില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിയന്ത്രണമാണ് കലക്ടര്‍ നീക്കിയത്
ഇതോടെ ഇനിമുതല്‍ ജുമുഅ നിസ്‌കാരങ്ങള്‍ക്ക് നൂറ്‌പേര്‍ക്ക് വരെ പങ്കെടുക്കാം.

കൊവിഡിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി അനുവദിച്ച ഇളവുകള്‍ പ്രകാരം പൊതു സ്ഥലങ്ങളിലും മറ്റും 100 ആളുകള്‍ക്ക് വരെ ഒന്നിച്ചു ചേരാന്‍ അനുമതി ഉണ്ടായിരിക്കെ പള്ളികളില്‍ വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നിസ്‌കാരത്തില്‍ 40 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. 

കോഴിക്കോട് ജില്ലയൊഴികെ മറ്റിടങ്ങളിലെല്ലാം നൂറ് പേര്‍ക്ക് അനുമതിയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കളായ മുസ്തഫ മുണ്ടുപാറ, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, (സമസ്ത ) ഡോ. ഉസൈന്‍ മടവൂര്‍ (കെ.എന്‍.എം) ജി. അബൂബക്കര്‍ (കേരള സുന്നി ജമാ അത്ത് ) ഫൈസല്‍ പൈങ്ങോട്ടായി (ജമാഅത്തെ ഇസ്ലാമി) എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.

Previous Post Next Post
3/TECH/col-right