Trending

സഊദിയിലേക്കുള്ള പ്രവേശന വിലക്ക് നീക്കി:ഈ മാസം 15 മുതൽ നാട്ടിൽ കഴിയുന്ന വിദേശികൾക്ക് മടങ്ങാൻ അനുമതി

റിയാദ്: സഊദിയിലേക്ക് ഈ മാസം 15 മുതൽ നാട്ടിലുള്ളവർക്ക് മടങ്ങാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം.റീ എന്‍ട്രിയില്‍ നാട്ടില്‍ കഴിയുന്ന വിദേശികള്‍ക്കും ആശ്രിതര്‍ക്കും ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാനാകുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. റീ എന്‍ട്രി, തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും അന്നുമുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാനാകും.


സര്‍ക്കാര്‍ ജീവനക്കാര്‍, സൈനികര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാകും മുന്‍ഗണന. എന്നാൽ, കൊവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് രാജ്യത്തേക്ക് പ്രവേശിക്കേണ്ടത്. 48 മണിക്കൂറിന് മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് കൊവിഡ് ടെസ്റ്റ് നടത്തണം തുടങ്ങിയുള്ള നിർദേശങ്ങളും നേരത്തെ സഊദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശങ്ങളും പാലിച്ചായിരിക്കും പ്രവേശനം അനുവദിക്കുക. 

എന്നാൽ ഏതൊക്കെ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്നത് ഇപ്പോൾ വ്യക്തമല്ല. ഇതേ കുറിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. നേരത്തെ സഊദി എയർലൈൻസ് പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും അനുമതി ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ ലിസ്റ്റിൽ രണ്ടാം ഘട്ടത്തിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു.  

അതേസമയം, ജനുവരി ഒന്നിന് ശേഷമേ അതിര്‍ത്തികള്‍ പൂര്‍ണമായി തുറക്കുകയുള്ളൂ. ഇത് സംബന്ധിച്ച്  ജനുവരി 1 ന് ഒരു മാസം മുമ്പ് മാത്രമേ കൃത്യമായ തിയതി അറിയിക്കുകയുള്ളൂ. ഉംറ തീര്‍ഥാടനം ഘട്ടം ഘട്ടമായി ആരംഭിക്കും. കൊവിഡ് ലോക്ഡൗണിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
Previous Post Next Post
3/TECH/col-right