Trending

സംഗീതത്തിന് വിരാമമിടാതെ പടിയിറങ്ങിയ സുനിൽ മാഷിനെ തേടിയെത്തി അംഗീകാരം

നരിക്കുനി:ആയിരക്കണക്കിന് ശിഷ്യരുടെ പ്രിയപ്പെട്ട ഗുരുനാഥൻ,സഹപ്രവർത്തകരുടെ സ്നേഹമിത്രമായ സുനിൽ മാഷിനെ അധ്യാപക അവാർഡിന്റെ രൂപത്തിൽ അംഗീകാരം തേടിയെത്തിയത് സർവീസിൽ നിന്ന് വിരമിച്ച ശേഷം.സംഗീതത്തിന്റെ ജനകീയ സംഘാടകനായ ഇദ്ദേഹം  സർഗ്ഗസമ്പന്നമായ  36 വർഷങ്ങളുടെ സംഗീതാധ്യാപക സേവനത്തിന് ശേഷം പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് കഴിഞ്ഞ മെയിലാണ് വിരമിച്ചത്.പ്രശസ്ത സംഗീത ഗുരു മലബാർ സുകുമാരൻ ഭാഗവതരുടെ ശിഷ്യനായി സംഗീതയാത്ര തുടങ്ങി. 


ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെയും, ശിവദാസ് ചേമഞ്ചേരിയുടെയും സുകുമാരൻ ഭാഗവതരുടെയും കൂടെ അവർ ഒരുക്കുന്ന നൃത്തനാടകങ്ങളിൽ കുട്ടിപ്പാട്ടുകാരനായി പൊതു കലാരംഗങ്ങളിൽ ചെറുപ്പം മുതലേ സജീവമായിരുന്നു' പഠിക്കുമ്പോൾ തന്നെ കലോത്സവമത്സരങ്ങളിൽ വിജയം.   എസ് എസ് എൽ സി ക്ക് ശേഷം പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ ഗാന ഭൂഷണം ബിരുദത്തിന് പ്രവേശനം നേടി.1984 ൽ പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സംഗീതാധ്യാതനായി ജോലിയിൽ പ്രവേശേlച്ചു. നിരവധി വിദ്യാർത്ഥികളെ ജില്ലാ സംസ്ഥാന കലോത്സവ വേദികളിലെത്തിച്ചു. ഇന്നിദ്ദേഹത്തിന്റെ നിരവധി ശിഷ്യർ, സംഗീതധ്യാപകരായി വിവിധ വിദ്യാലയങ്ങളിലും, സംഗീത കോളേജുകളിലും ജോലി ചെയ്യുന്നു.
കോഴിക്കോട് ഡയറ്റ്  കേരളത്തിൽ ആദ്യമായി പാഠ പുസ്തകത്തിലെ മലയാള പദ്യങ്ങൾ സംഗീതം ചെയ്ത് ശാരികപ്പൈതൽ, എന്ന പേരിൽ സി ഡികളാക്കി പുറത്തിറക്കിയപ്പോൾ അതിലെ 6 സംഗീത സംവിധായകരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു.സാക്ഷരതാ പ്രവർത്തനത്തിന്റെ പ്രചാരണാർത്ഥം സംസ്ഥാനതലത്തിലുള്ള ഗായക സംഘത്തിന്റെ ലീഡറും ഗായകനുമായിരുന്നു സുനിൽ.22 വർഷം കോഴിക്കോട് ജില്ലാ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിൻ്റെ കോഡിനേറ്ററായും ചില വർഷങ്ങളിൽ സംഗീത സംവിധായകനായും പ്രവർത്തിച്ചു. കോഴിക്കോട് വെച്ച് വിവിധ വർഷങ്ങളിലായി നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ സംഘാടകനായി. 55-ാം സംസ്ഥാന കലോത്സവത്തിന്റെ മംഗള ഗാനം സംവിധാനം ചെയ്തു. 3 വർഷം കേരളത്തിൽ പ്രവേശനോത്സവഗാനം സംഗീതസംവിധാനം ചെയ്തു. 

സംസ്ഥാനതല പ്രവൃത്തി പരിചയോത്സവം, സംസ്ഥാനതല വിദ്യാരംഗം കലോത്സവം എന്നിവ കോഴിക്കോട് വെച്ച് നടന്നപ്പോൾ സ്വാഗത ഗാനം സംവിധാനം ചെയ്ത് അവതരിപ്പിച്ചു. 2006 മുതൽ എസ് സി ഇ ആർ ടി യിൽ ആർട് എജുക്കേഷൻ കോർ ഗ്രൂപ്പ് അംഗമായി. 2017ൽ എൻ സി ഇ ആർ ടി ഡൽഹിയിൽ ആർട് ഇന്റഗ്രേറ്റഡ് നാഷണൽ ട്രെയ്നറായി തെരഞ്ഞെടുക്കപ്പെട്ടു. ആർട്ട് ഇന്റഗ്രേറ്റഡ് പഠനത്തിന്റെ ട്രൈ ഔട്ട് ആയി കോഴിക്കോട് ഡയററ്റും  ചേമഞ്ചേരി പഞ്ചായത്തും പൂക്കാട് കലാലയവും സംയുക്തമായി ഒരു വർഷം മുഴുവൻ സ്കൂളുകളിൽ 41 കലാധ്യാപകരെ വെച്ച് നടത്തിയ വിദ്യാഭ്യാസ പരിപാടിക്ക് സംഗീത വിഭാഗത്തിന് നേതൃത്വം നൽകിയത് സുനിൽ മാഷായിരുന്നു.
പൂക്കാട് കലാലയത്തിന്റെ സംഗീത വിഭാഗത്തിന്റെ പ്രമുഖ സാരഥിയാണ് സുനിൽ തിരുവങ്ങൂർ. മകളോടൊപ്പം വിവിധ വേദികളിൽ അതിജീവന ഗാനം പാടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തി. ഇപ്പോൾ കോവിഡ് പ്രതിരോധ അതിജീവന ഗാനങ്ങൾ ചിട്ടപ്പെടുത്തി വരുന്നു. കോഴിക്കോട് ജില്ലയിലെ സംഗീതാധ്യാപക കൂട്ടായ്‌മ അവതരിപ്പിച്ചു വരുന്ന 'സ്വരമഴ' എന്ന വിദ്യാഭ്യാസ പരിപാടിയുടെ സംവിധായകനും, കോഡിനേറ്ററുമാണ്. 2010 ൽ പ്രഥമ സംഗീത പിതാമഹൻ പുരന്തരദാസ ർ പുരസ്ക്കാരവും 2016ൽ അധ്യാപക ശ്രീ പുരസ്ക്കാരവും ലഭിച്ചു.
Previous Post Next Post
3/TECH/col-right