കോടഞ്ചേരി:രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള കയാക്കർമാർ, കുതിച്ചൊഴുകുന്ന ഇരുവഞ്ഞിക്കും ചാലിപ്പുഴയ്ക്കും മേലേ അതിസാഹസികതയുടെ കയ്യൊപ്പുചാർത്തുന്ന അഭ്യാസപ്രകടനങ്ങൾ കോഴിക്കോടിന്റെ മലയോരമേഖലയ്ക്ക് അക്ഷരാർത്ഥത്തിൽ ഉത്സവാന്തരീക്ഷമായിരുന്നു മലബാർ റിവർ ഫെസ്റ്റിവൽ നൽകിയിരുന്നത്.കഴിഞ്ഞ ഏഴുവർഷമായി നടന്നുവന്നിരുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങിനേ ഇക്കുറി കൊവിഡ് ചതിച്ചു.
കൊവിഡ് 19 പ്രോട്ടോക്കോളുകൾ പാലിക്കുന്നതിലും അന്താരാഷ്ട്ര പ്രതിനിധികളെ സ്വീകരിക്കുന്നതിലും താമസസൗകര്യമൊരുക്കുന്നതിലുമുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ എട്ടാം പതിപ്പ് ടൂറിസം വകുപ്പ് റദ്ദാക്കുകയായിരുന്നു. ഇരുവഞ്ഞി, ചാലിപ്പുഴ, കുറ്റ്യാടിപ്പുഴ എന്നിവ കയാക്കിങ് പരിശീലനത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി കോച്ചിങ് സെന്ററുകളുടെ സബ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികെയാണ് കൊറോണ എല്ലാം തകിടംമറിച്ചത്.
മലയോര മേഖലയേയും കോഴിക്കോടിനേയുമൊന്നാകെയാണ് കൊവിഡ് വൻ ആഘാതം ഏൽപ്പിച്ചത്. കയാക്കിങ് മുടങ്ങിയതോടെ മലയോരമേഖലയ്ക്ക് കൈവരുമായിരുന്ന സാമ്പത്തികസ്രോതസും നഷ്ടമായി. തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി തുടങ്ങിയ പഞ്ചായത്തുകളിലെ റിസോർട്ടുകളിലും പ്രദേശവാസികളുടെ വീടുകളിലുമായിരുന്നു കയാക്കർമാരെ താമസിപ്പിച്ചിരുന്നത്. മാസങ്ങൾക്ക് മുമ്പേ താരങ്ങളും സഞ്ചാരികളും പരിശീലനത്തിനെത്തുന്നതിനാൽ നാട്ടുകാർക്കിത് നല്ലൊരു വരുമാനമാർഗവുമായിരുന്നു.
ഓട്ടോറിക്ഷ, ജീപ്പ്, ടാക്സി, ഗുഡ്സ് വാഹനങ്ങൾ എന്നിവയ്ക്കെല്ലാം ഈ സീസൺ ചാകരയുടേതായിരുന്നു. എല്ലാം ഒറ്റനിമിഷം കൊണ്ടാണ് കൊറോണ തട്ടിത്തെറിപ്പിച്ചത്.മലബാർ റിവർ ഫെസ്റ്റിന്റെ നടപടിക്രമങ്ങൾ ആറുമാസം മുന്നേ തന്നെ സാധാരണഗതിയിൽ തുടങ്ങേണ്ടതായിരുന്നുവെന്ന് കോഴിക്കോട് ഡി.ടി.പി.സി സെക്രട്ടറി സി.പി. ബീന മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇത് നടക്കണമായിരുന്നെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അതിനേക്കുറിച്ച് ആലോചിക്കാൻ പോലും പറ്റില്ല.
കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കോഴിക്കോട് ഡി.ടി.പി.സിയും ചേർന്നാണിത് നടത്തുന്നത്. ഇനി എല്ലാം ഒന്നൊതുങ്ങി വരുമ്പോഴേക്കും കയാക്കിങ് നടത്താൻ പറ്റിയ അത്രയും വെള്ളം പുഴകളിൽ ഉണ്ടാവുമോ എന്നും പറയാൻ പറ്റില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Tags:
SPORTS