കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതില്‍ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇപ്പോള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ, ഡിവിഷനോ അടിസ്ഥാനമാക്കിയാണ്. ഇനി മുതല്‍ അക്കാര്യത്തില്‍ മാറ്റം വരികയാണ്. പോസിറ്റീവായ ആളുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ ആ കോണ്ടാക്ടുകള്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. ആ പ്രദേശം വേര്‍തിരിച്ച് അടയാളപ്പെടുത്തും. അങ്ങനെ ആ പ്രദേശം ഒരു കണ്ടെയ്ന്‍മെന്റ് മേഖലായാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
വാര്‍ഡ് എന്നതിന് പകരം വാര്‍ഡിന്റെ ഒരു ഭാഗത്താണ് കൊവിഡ് പോസിറ്റീവായ ആളുകള്‍ ഉള്ളതെങ്കില്‍ അവിടമാകും കണ്ടെയ്ന്‍മെന്റ് സോണ്‍. ഇതിന് കൃത്യമായ മാപ്പ് തയാറാക്കും. അതിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുകയാകും ചെയ്യുക. പ്രത്യേകം മാപ്പ് ചെയ്താകും ഇനിമുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍.
ഇവിടങ്ങളില്‍ കര്‍ക്കശമായി പാലിക്കപ്പെടേണ്ട വ്യവസ്ഥകളുണ്ടാകും.
കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് പുറത്തേയ്‌ക്കോ, മറ്റുള്ളവര്‍ക്ക് അകത്തേയ്‌ക്കോ പ്രവേശനമുണ്ടാകില്ല. അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ സംവിധാനം ഉണ്ടാക്കും. അതിനായി കടകള്‍ സജ്ജമാക്കും. അതിന് പ്രയാസം ഉണ്ടെങ്കില്‍ പൊലീസോ, പൊലീസ് വൊളന്റിയറോ അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കും.
കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാകുന്നത് പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ രോഗമുക്തരായി എന്ന് ഉറപ്പാക്കിയാകും. ഇത്തരം കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലകളിലുള്ള ഇന്‍സിഡന്റ് കമാന്റര്‍മാരില്‍ ഒരാളായി ജില്ലാ പൊലീസ് മേധാവിയെക്കൂടി ചുമതലപ്പെടുത്തും. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജില്ലയിലെ പൊതു സ്ഥിതി വിശകലനം ചെയ്യാനും വിലയിരുത്താനും എല്ലാ ദിവസവും ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഡിഎംഒയും ചേര്‍ന്നുള്ള യോഗം ചേരും.
രോഗവ്യാപനം ഉണ്ടായി ജീവഹാനി സംഭവിക്കുന്നതിനേക്കാള്‍ ഇത്തരം പ്രയാസം അനുഭവിക്കുന്നതാണ് നല്ലത്. രോഗ വ്യാപനത്തിന് സമ്പര്‍ക്കമാണ് ഏറ്റവും വലിയ കാരണം. അത് ഒഴിവാക്കുകയെന്നത് പ്രധാനമാണ്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 Comments