Trending

സാമൂഹിക അകലത്തിലെ പെരുന്നാൾ വിശേഷങ്ങൾ: മുജദ്ദിദി

ത്യാഗോജ്വലമായ ജീവിത വിശേഷങ്ങളുടെ ചരിത്രം പകരുന്ന ഒരു ബലിപെരുന്നാൾ കൂടി വന്നു ചേർന്നു. അല്ലാഹു അക്ബർ..... വലില്ലാഹിൽ ഹംദ്.ജീവിത പരീക്ഷണങ്ങളെ അതിജയിച്ച ഇബ്റാഹിം നബിയുടെയും ഇസ്മായിൽ നബിയുടെയും ജീവിതകഥകൾ  ഖുർആൻ അവതരിപ്പിക്കുന്നുണ്ട്. നംറൂദ് രാജാവിൻ്റെ അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയപ്പെട്ട പ്രവാചകൻ പരമ്പരാഗതമായി അനുവർത്തിച്ചു പോന്ന വിശ്വാസ സംഹിതകളോട് പൊരുതി.

തൻ്റെ പിതാവ് ചന്തകളിൽ വിൽപനക്ക് കൊടുത്തയച്ചിരുന്ന കേൾവിയോ കാഴ്ചയോ മറ്റു പ്രയോജനങ്ങളോ ഇല്ലാത്ത വസ്തുക്കളെ ഉപേക്ഷിക്കാനും ഇതെല്ലാമുള്ള ഏകനായ സ്രഷ്ടാവിനെ മാത്രം വണങ്ങാനും ആഹ്വാനം ചെയ്തതു തന്നെയായിരുന്നു ജനതയെ പ്രകോപിപ്പിച്ചത്. വലിച്ചെറിയപ്പെട്ട അഗ്നികുണ്ഡത്തിൽ ശാന്തിയും തണുപ്പും പ്രദാനം ചെയ്ത് നാഥൻ രക്ഷ നൽകി. ദൃസാക്ഷികൾ ഇബ്റാഹീമിൻ്റെ അനുയായികളായി മാറി. അവർ സിറിയയിലേക്കു പലായനം ചെയ്തു. പിന്നീട് കടുത്ത ക്ഷാമകാലത്താണ് ഈജിപ്തിലേക്കു നീങ്ങിയത്. അവിടത്തുകാരിയായ ഹാജറയിൽ ഇസ്മാഈൽ എന്ന കുട്ടി ജനിച്ചു.

ദൈവകൽപനപ്രകാരം ശൈശവദശയിലായിരുന്ന ഇസ്മാഈലിനെ ചേർത്തു പിടിച്ച് ഇരുവരും മക്കയിലേക്കു പോയി. അവിടെ ചെറിയ കൂടാരം കെട്ടി. ജിബ്രീൽ മാലാഖയുടെ കൽപനപ്രകാരം വിജനവും ജല ശൂന്യവുമായ മൊട്ടക്കുന്നിൽ ഇരുവരെയും ഉപേക്ഷിച്ച് ഇബ്റാഹിം തിരിച്ചുപോയി. ദാഹാർത്തനായ ഇസ്മാഈലിന് പാനം തേടി ഹാജറ കഅബയോടു ചേർന്ന  സ്വഫ - മർവ കുന്നുകൾക്കിടയിൽ ഓടി. തിരിച്ചെത്തിയപ്പോൾ കാൽപാദത്തിനടുത്ത് ഉറവയെടുത്ത സംസം ജലം കണ്ടു. ആഹ്ലാദത്താൽ കോരിക്കുടിച്ചു ദാഹം തീർത്തു. അവിടെയാണ് ഇബ്റാഹിമും ഇസ്മായിലും പിൽക്കാലത്ത് ദൈവിക ഭവനം (കഅബ) പണിതത്.
കനിഞ്ഞു കിട്ടിയ പുത്രനെ ബലിനൽകാനുള്ള ദൈവകൽപനയെ നിസങ്കോചം ഏറ്റെടുത്ത ഇബ്റാഹിം നബിക്ക് പകരമായി മറ്റൊരു മൃഗത്തെ ബലി നൽകാൻ ആഹ്വാനമുണ്ടായി. അതിൻ്റെ അനുസ്മരണമാണ് ബലികർമം. 

നംറൂദിൻ്റെ അഗ്നികുണ്ഡം കണക്കെ സമീപസ്ഥമായ പരീക്ഷണങ്ങളിലാണ് ലോകമുള്ളത്. കോടിക്കണക്കിന് ജനത പട്ടിണിയുടെയും പരിദേവനങ്ങളുടെയും പിടിയിലകപ്പെട്ടു. ശാരീരിക അകലം പാലിച്ചും സ്വന്തത്തിലേക്ക് ഉൾവലിഞ്ഞും ജനത പുതിയ ജീവിത വഴികൾ അവലംബിച്ചു തുടങ്ങി. മനുഷ്യൻ ഇഷ്ടങ്ങൾ പലതും ബലികഴിക്കാൻ പഠിച്ചു. സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പാoങ്ങൾ അവനെ വിചാരധാരകളുടെ പുതിയ വിഹായസിലേക്കു നയിച്ചു... മരണപ്പെട്ട സ്വന്തക്കാരനെ കാണാൻ കഴിയാത്ത പ്രിയതമയുടെ, സന്തതികളുടെ, മാതാപിതാക്കളുടെ സന്താപങ്ങളുടെ പകലിരവുകൾ...മാന്യമായി, കടപ്പാടുകളോടെ, മൃതശരീരങ്ങൾ മറവു ചെയ്യപ്പെടാത്ത ഹൃദയം തകരുന്ന കാഴ്ചകൾ...
ഇവയെല്ലാം ചില പാoങ്ങളാണ്.. അഹങ്കാരത്തിന് മേൽ, മേൽക്കോയ്മയ്ക്ക്മേൽ, 
സ്വാർത്ഥതയ്ക്കു മേൽ
നിലയില്ലാത്തവൻ്റെ വേദനകളെ,
ഭവന രഹിതരുടെ വിഹ്വലതകളെ,
പീഡിതൻ്റെ വ്യാകുലതകളെ,

പരിഗണിക്കാനും പിന്തുണയ്ക്കാനും ത്യാഗത്തിലൂടെ പരിവർത്തിക്കപ്പെടേണ്ട ഹൃദയങ്ങൾക്കുള്ള വലിയ വലിയ പാoങ്ങൾ....

ദശലക്ഷങ്ങൾ ഇരു ഹറമുകളെ വലയം ചെയ്യേണ്ട, കണ്ഠങ്ങളിൽ ലബ്ബൈകയുടെ പ്രതിവചനങ്ങളുയരേണ്ട, ഇബ്റാഹിമി ഓർമകളുടെ സംസം നുകരേണ്ട, മിനായും അറഫയും നിറഞ്ഞുകവിയേണ്ട കാലത്ത് ഹൃദയം പൊട്ടുന്ന കാഴ്ച്ചകൾക്ക് ഈ ബലിപെരുന്നാളിൽ നമ്മുടെ ആർദ്രമായ നയനങ്ങൾ സാക്ഷിയാകുന്നു...

അല്ലാഹു അക്ബർ.... വലില്ലാഹിൽ ഹംദ്

 ✍️ മുഹമ്മദ് ഇസ്മായിൽ മുജദ്ദിദി
Previous Post Next Post
3/TECH/col-right