Trending

ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുതുപ്പാടി കൈതപ്പൊയിലില്‍ അതീവ ജാഗ്രത

പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ കൈതപ്പൊയില്‍ പ്രദേശത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം. ചരക്കു ലോറിയിലെ ഡ്രൈവറായ കൈതപ്പൊയില്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് 7, 8 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ളത് അടച്ചിടാനും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാനും ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും നിര്‍ദ്ദേശം നല്‍കി.

കോവിഡ് സ്ഥിരീകരിച്ച ഡ്രൈവര്‍ മൈസൂരില്‍ നിന്നും എത്തിയ ശേഷം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ നിരവധി പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്ന് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഡ്രൈവറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 20 പേരുടെ സ്രവ സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും. ശനിയാഴ്ചയും പ്രദേശത്ത് സ്രവ പരിശോധന നടത്താനാണ് തീരുമാനമെന്നും സ്ഥിതിഗതികള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാകേഷ് പറഞ്ഞു.

റിപ്പോർട്ട്:സിദ്ധീഖ് പന്നൂർ - OMAK
Previous Post Next Post
3/TECH/col-right