Trending

തന്ത്രപരമായ നീക്കവുമായി എന്‍ഐഎ; കുടുക്കിയത് ഫോണ്‍ വഴിയുള്ള ആശയവിനിമയം

തിരുവനന്തപുരം:  വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ സംഘം പിടികൂടിയത് തന്ത്രപരമായ നീക്കങ്ങളിലൂടെ. ഇവരെ കുടുക്കിയത് ഫോണ്‍ വഴിയുള്ള ആശയവിനിമയമാണെന്നാണ് വിവരം. 


മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനും മറ്റുമായി അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരുമായി സ്വപ്ന ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചാണ് എന്‍ഐഎ സംഘം സ്വപ്‌നയിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ മാധ്യമങ്ങള്‍ക്ക് സ്വപ്‌ന അയച്ച ശബ്ദ സന്ദേശവും അന്വേഷണ ഏജന്‍സികള്‍ പിന്തുടര്‍ന്നിരുന്നു. 

സന്ദീപ് സഹോദരനെ വിളിച്ചതും നിര്‍ണായകമായി. കസ്റ്റംസ് റെയ്ഡിനിടയിലാണ് സന്ദീപ് വിളിച്ചത്. ആ അന്വേഷണവും പ്രതികളിലേക്ക് എത്തിച്ചതായാണ് സൂചന. 

ബെംഗളൂരുവില്‍ നിന്നാണ് സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തത്. ഇരുവരുമുള്ള സ്ഥലം കഴിഞ്ഞ ദിവസം തന്നെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 

ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയതത്. ഏഴ് ദിവസമായി ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് സ്വപ്‌ന പിടിയിലാകുന്നത്. കേസില്‍ എന്‍ഐഎ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ഇരുവരും പിടിയിലാകുന്നത്.


Previous Post Next Post
3/TECH/col-right