Trending

നരിക്കുനി ഗ്രാമപ്പഞ്ചായത്തിൽ മുഴുവൻ വീട്ടിലും ശുദ്ധജലവിതരണത്തിന് പദ്ധതി

കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തിൽ ഉൾപ്പെട്ട നരിക്കുനി ഗ്രാമപ്പഞ്ചായത്തിൽ മുഴുവൻ വീട്ടിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ജലജീവൻ മിഷൻ പദ്ധതിപ്രകാരം പരിപാടി ആസൂത്രണംചെയ്തതായി കാരാട്ട് റസാഖ് എം.എൽ.എ. അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ പഞ്ചായത്തിലെ 4046 വീട്ടിൽ ശുദ്ധജലം എത്തിക്കും. 11. 33 കോടി രൂപയുടെ പദ്ധതിയാണിത്. മണ്ഡലത്തിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്തിലും ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമാണ് നരിക്കുനി ഗ്രാമപ്പഞ്ചായത്തിലേത്.


മണ്ഡലത്തിലെ കുടിവെള്ളപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി മലാപ്പറമ്പ് കേരള ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

മണ്ഡലത്തിൽ ജപ്പാൻ കുടിവെള്ളപദ്ധതിയുടെ ജലവിതരണശൃംഖല എത്താത്തയിടങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ പ്രവൃത്തിയും കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിൽ അങ്കണവാടികളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ പ്രവൃത്തിയും ജൂലായ്‌ പത്തിനകം കെ.ഡബ്ല്യു.എ. സബ് ഡിവിഷന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കാനും യോഗം തീരുമാനിച്ചു. മടവൂർ കൊട്ടക്കാവയൽ കുടിവെള്ളപദ്ധതിയുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി.യുമായി ചേർന്ന് സംയുക്തയോഗം ചേരാനും കുടിവെള്ളപദ്ധതിയുടെ കിണറിനുസമീപം തടയണ നിർമിക്കുന്നതിന് മൈനർ ഇറിഗേഷൻ നിർദേശം നൽകാനും തീരുമാനിച്ചു.

നരിക്കുനി പഞ്ചായത്തിന്റെ അതിർത്തിയോടുചേർന്ന മടവൂർ പഞ്ചായത്തിലെ പുല്ലാളൂർ മേഖലയെ ജപ്പാൻ കുടിവെള്ളപദ്ധതിയിൽ ഉൾക്കൊള്ളിക്കും. കുഴിപ്രമല പട്ടികജാതി കോളനിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പദ്ധതി രൂപവത്കരിക്കും. കാമ്പ്രത്തുമുക്ക് പട്ടികവർഗ കോളനിയിലെ കുടിവെള്ള പദ്ധതിക്ക് പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കൽ സെക്ഷനിൽനിന്ന് ലഭിക്കേണ്ട അനുമതി കാലതാമസം കൂടാതെ ലഭ്യമാക്കും.

കട്ടിപ്പാറ പഞ്ചായത്തിലെ ഇരുൾകുന്ന് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഭൂജലാധിഷ്ഠിത കുടിവെള്ളപദ്ധതിയിൽ ഉൾപ്പെടുത്തി കുഴൽക്കിണർ നിർമിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തും.

എം.എൽ.എ.യുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ഓമശ്ശേരി ചാമോറ കുടിവെള്ളപദ്ധതി ഉടൻ നടപ്പാക്കും. സംസ്ഥാനസർക്കാരിന്റെ മൈനോരിറ്റി ഇറിഗേഷൻ പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന കളരാന്തിരി വലിയപറമ്പ് കുടിവെള്ളപദ്ധതിക്കായി അനുവദിച്ച 47 ലക്ഷം രൂപയുടെ പദ്ധതിയും ഉടൻ നടപ്പാക്കും. എം.എൽ.എ.യുടെ അദാലത്തിൽ സ്വീകരിച്ച പരാതികൾ പരിശോധിച്ച് അർഹമായ ആനുകൂല്യം ഉറപ്പാക്കാനും യോഗത്തിൽ ധാരണയായി.

യോഗത്തിൽ കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷനായി. മടവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പങ്കജാക്ഷൻ, കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ബവിത , മടവൂർ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ വി.സി. ഹമീദ്, കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ വി.എം.മനോജ്, കെ.ഡബ്ലു.എ. എക്സിക്യുട്ടീവ് എൻജിനിയർ അബ്ദുൽ ജമാൽ, ജെ.ഐ.സി.എ. പ്രോജക്ട്‌ എക്സിക്യുട്ടീവ് എൻജിനിയർ ബിജു, കെ.ഡബ്ലു. എ. അസിസ്റ്റൻറ് എൻജിനിയർ സത്യൻ തുടങ്ങിയവർ പങ്കെടുത്തു *<
Previous Post Next Post
3/TECH/col-right