സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിനൊപ്പം പ്രതിരോധ നടപടികൾ ശക്തമാക്കി പോലീസും. സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങാതിരിക്കാനുള്ള നിർദേശങ്ങൾ അടങ്ങിയ നോട്ടീസുകൾ കോഴിക്കോട് റൂറൽ പോലീസ് പരിധിയിൽ വിതരണം ചെയ്തു.ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കച്ചവട സ്ഥാപനങ്ങളിൽ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. പന്ത്രണ്ട് നിർദേശങ്ങളടങ്ങിയ പോസ്റ്ററുകളാണ് കടകളിൽ പതിക്കുന്നത്.
പനി, ചുമ, ശ്വാസതടസ്സം എന്നിവയുള്ള ജീവനക്കാർ അല്ലെങ്കിൽ ഉപഭോക്താക്കൾ സ്ഥാപനങ്ങളിൽ പ്രവേശിക്കരുത് എന്നും ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ദിശയുമായി ബന്ധപ്പെടുകയും അവരുടെ നിർദേശങ്ങൾ അനുസരിച്ച് ആരോഗ്യ ചികിത്സ തേടുകയും ചെയ്യണമെന്നും നോട്ടീസിൽ പറയുന്നു. കടകളിൽ എത്തുന്ന ഉപഭോക്താക്കളെ നിശ്ചിത അകലം പാലിച്ച് വരിക്ക് നിർത്തുകയും ആവശ്യാനുസരണം സ്ഥാപനത്തിലേക്ക് കയറ്റി വിടുകയും ചെയ്യണം.
സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഗ്ലൗസ് ഉപയോഗിക്കുകയും ഉപയോഗ ശേഷം അത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഉപേക്ഷിക്കുകയും വേണം. ഉപഭോക്താക്കളും ജീവനക്കാരും ആശയവിനിമയം നടത്തുന്നതിന് കാഷ് കൗണ്ടറിലും മറ്റും ഗ്ലാസ് അല്ലെങ്കിൽ ഫൈബർ മറകൾ ഉപയോഗിക്കണം. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Tags:
ELETTIL NEWS