Trending

നിലവിലെ ഉപയോക്താക്കള്‍ക്കും ലഭിക്കില്ല; ടിക് ടോക് നിരോധനം നടപ്പിലായി

ദില്ലി: നിരോധനത്തിന് പിന്നാലെ രാജ്യത്ത് മിക്ക ഉപയോക്താക്കള്‍ക്കും ടിക് ടോക് ലഭിക്കാതെയായി. ആപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇന്ത്യാ ഗവര്‍ണ്‍മെന്‍റിന്‍റെ നിരോധനം പാലിക്കുന്നു. എല്ലാ ഉപയോക്താക്കളുടെ വിവരങ്ങളും സുരക്ഷയുമാണ് തങ്ങള്‍ക്ക് മുഖ്യമെന്നുമുള്ള ടിക് ടോക് ആപ്പിന്‍റെ സന്ദേശമാണ് കാണാന്‍ സാധിക്കുന്നത്.നിരോധനത്തിന് പിന്നാലെ ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കിയിരുന്നു. പ്ലേ സ്റ്റോര്‍, ആപ്പിളിന്‍റെ ആപ്‍സ്റ്റോര്‍ എന്നിവയില്‍ നിന്നാണ് ടിക് ടോക് നീക്കം ചെയ്തത്. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ യുസി ബ്രൗസർ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര സര്‍ക്കാര്‍  ഇന്നലെ നിരോധിച്ചത്. 
ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പിന്‍റെ വിശദീകരണം. രാജ്യത്തിന്‍റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകൾ എന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ വിവരങ്ങള്‍ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ലെന്നാണ് ടിക് ടോക് വിശദീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് ഉടന്‍ വിശദീകരണം നല്‍കുമെന്നും ടിക് ടോക് അറിയിച്ചു.ഡിജിറ്റൽ മാർക്കറ്റിൽ മുന്നേറ്റനിരയിലുള്ള ഇന്ത്യയിൽ പക്ഷേ, ആപ്ലിക്കേഷനുകൾ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസർക്കാരിന്‍റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Previous Post Next Post
3/TECH/col-right