Trending

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ ഇനി ഉപദേശമില്ല, കര്‍ശന നടപടി; കടകളില്‍ കൂട്ടം കൂടിയാല്‍ കട ഉടമയ്‌ക്കെതിരെയും നടപടി; ഡിജിപി

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവരോട് ഇനി ഉപദേശമില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ആറുജില്ലകള്‍ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ടെങ്കിലും ഇവ പൂര്‍ണ്ണമായും പാലിക്കപ്പെടുന്നില്ല. പലരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് പോലും വയ്ക്കുന്നില്ല. ഇനി ഇക്കാര്യത്തില്‍ ഉപദേശം ഉണ്ടാകില്ലെന്നും അറസ്റ്റും പിഴയും ഉള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

കടകളില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു കടയില്‍ ഒരേ സമയം പരമാവധി അഞ്ച് പേരെ മാത്രമെ അനുവദിക്കൂ. ഇക്കാര്യം ഉറപ്പ് വരുത്താനായി കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. കടകളില്‍ കൂട്ടം കൂടിയാല്‍ കട ഉടമയ്‌ക്കെതിരെയും കൂടി നിന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.

തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ജാഗ്രത. 90 ശതമാനം പോലീസുകാരെയും കൊവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചു. ഹോം ഗാര്‍ഡുകള്‍ അടക്കം 90 ശതമാനം പോലീസ് ഉദ്യോഗസ്ഥരെയും കൊവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്.

ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. തൃശൂര്‍ ജില്ല ഭാഗികമായി അടച്ചു. കൊച്ചിയിലെ കണ്ടെയ്ന്മന്റ് സോണുകളില്‍ കടുത്ത ജാഗ്രത. തിരുവനന്തപുരത്തെ പ്രധാന മാര്‍ക്കറ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

Previous Post Next Post
3/TECH/col-right