Trending

ഇന്ത്യയില്‍ നിന്നു ഇത്തവണ ഹജ്ജ് യാത്രയുണ്ടായിരിക്കുകയില്ലെന്ന് ഉറപ്പായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

കോഴിക്കോട് :ഈ വര്‍ഷത്തെ ഹജ്ജ് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുക്കൊണ്ട് സ്വദേശികള്‍ക്കും സൗദി അറേബ്യയിലുള്ള വിദേശികള്‍ക്കുമായി പരിമിതപ്പെടുത്തുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചതോടെ ഇന്ത്യയില്‍ നിന്നു ഇത്തവണ ഹജ്ജ് യാത്രയുണ്ടായിരിക്കുകയില്ലെന്ന് ഉറപ്പായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു.കൊവിഡ് 19 വ്യാപനം ആഗോള തലത്തില്‍ സങ്കീര്‍ണ്ണാവസ്ഥയില്‍ എത്തിയ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 





വിവിധ രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു വിശ്വാസികള്‍ സംബന്ധിക്കുന്ന ഹജ്ജ് ചടങ്ങുകള്‍ക്ക്, ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സൗകര്യങ്ങളൊരുക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമാണെന്നും, സുരക്ഷിതമായും സമാധാനത്തോടെയും വിശ്വാസികള്‍ക്കു ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിലവിലെ സാഹചര്യം അനുവദിക്കുന്നില്ലായെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിട്ടുണ്ട്. 


കേരളത്തില്‍ നിന്നു ഇത്തവണ ഇരുപത്തിയാറായിരത്തി അറുപത്തിനാല് അപേക്ഷകരില്‍ നിന്നും പതിനായിരത്തി എണ്ണൂറ്റി മുപ്പത്തിനാല് പേര്‍ക്കാണ് (പുരുഷന്മാര്‍. 4435, സ്ത്രീകള്‍ 6399) നിലവില്‍ അവസരം ലഭിച്ചിട്ടുള്ളത്. ഇവരെല്ലം രണ്ടു ഗഡുക്കളായി രണ്ട് ലക്ഷത്തി ആയിരം രൂപ വീതം കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് അടച്ചിട്ടുള്ളവരാണ്. സെലക്ഷന്‍ ലഭിച്ച ഹാജിമാരില്‍ ഒമ്പതിനായിരത്തി മുന്നൂറ്റി അമ്പത് ഹാജിമാരുടെ പാസ്പോര്‍ട്ട് ബോംബെയിലേക്ക് സമര്‍പ്പിച്ചിട്ടുള്ളതുമാണ്. ഹജ്ജ് യാത്ര മുടങ്ങുന്നവര്‍ക്ക് അടച്ചിട്ടുള്ള തുക മുറപ്രകാരം ലഭ്യമാക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചിട്ടുണ്ട്. 

അതേ സമയം ഈ വര്‍ഷം ഹജ്ജ് യാത്ര മുടങ്ങന്നവര്‍ക്ക് അടുത്ത വര്‍ഷം നറുക്കെടുപ്പില്ലാതെ തന്നെ ഹജ്ജിനു അവസരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും, കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും സംസ്ഥാന ഹജ്ജ് കമ്മിറ്റി രേഖാമൂലം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വിശദമായ സര്‍ക്കുലര്‍ ലഭ്യമാകുന്ന മുറക്ക് ഹജ്ജ് കമ്മിറ്റിയുടെ ട്രൈനര്‍മാര്‍ മുഖേനയും പത്രമാധ്യമങ്ങള്‍ മുഖേനയും ഹാജിമാരെ അറിയിക്കുമെന്നും അതുവരെ ഹാജിമാര്‍ കാത്തിരിക്കണമെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.
Previous Post Next Post
3/TECH/col-right