ജിദ്ദ:നിലവിൽ സൗദിക്കകത്തുള്ള നിശ്ചിത എണ്ണം പൗരന്മാരെയും വിദേശികളെയും ഈ വർഷത്തെ ഹജ്ജ് ചെയ്യാൻ അനുവദിക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചു.സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണു ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.


കൊറോണ വൈറസ് വ്യാപനം തുടരുന്നതിന്റെയും തിരക്കേറിയ സ്ഥലങ്ങളിലും കൂടിച്ചേരലുകളിലും വൈറസ് ബാധയും വ്യാപനവും ഉണ്ടാകാനുള്ള സാധ്യതയുടെയും വെളിച്ചത്തിലാണു അധികൃതർ ഇങ്ങനെ തീരുമാനമെടുത്തത്.

ഇതോടെ നിലവിൽ സൗദി അറേബ്യയിൽ താമസിക്കുന്ന നിശ്ചിത എണ്ണം സ്വദേശികൾക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കും ഹജ്ജ് നിർവ്വഹിക്കാൻ സാധിക്കും. സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും വലിയ സന്തോഷം നൽകുന്ന പ്രഖ്യാപനമാണു അധികൃതർ നടത്തിയിട്ടുള്ളത്.

എല്ലാ പ്രതിരോധ നടപടികളും ആവശ്യമായ സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകളും പാലിച്ച് കൊണ്ട് തന്നെ പൊതുജനാരോഗ്യം പരിഗണിച്ച് കൊണ്ട് സുരക്ഷിതമായ രീതിയിലാണ് ഹജ്ജ് കർമ്മങ്ങൾ നടപ്പാക്കുക.

നേരത്തെ ഇന്തോനേഷ്യയും മലേഷ്യയുമടക്കമുള്ള വിവിധ രാഷ്ട്രങ്ങൾ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം കാൻസൽ ചെയ്യുന്നതായി ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിരുന്നു.