Trending

കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

എളേറ്റിൽ:ജൂൺ മൂന്നിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ പി.ജി. വിദ്യാർത്ഥിനിയായ യുവഡോക്ടറുടെ ഭർത്താവുൾപ്പെടെയുള്ള ബന്ധുക്കൾക്ക് കോവിഡ് ബാധയില്ല.പ്രസ്തുത ഡോക്ടർ ഒന്നര വയസ്സായ മകനോടും സ്വന്തം മാതാപിതാക്കളോടുമൊപ്പം കഴിഞ്ഞ ഒരു വർഷമായി കോഴിക്കോട്ട് ആശുപത്രിക്കടുത്തുള്ള ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു. 


പതിമൂന്ന് ദിവസം മുമ്പ്,ലോക്ഡൗൺ ഇളവ് അനുവദിച്ചപ്പോൾ പെരുന്നാളിനോടനുബന്ധിച്ച് അവർ കാക്കൂർ പഞ്ചായത്തിലുള്ള കണ്ടോത്ത്പാറയിലെ ഭർത്തൃ വീടും എളേറ്റിൽ വട്ടോളി പ്രദേശത്തുള്ള സ്വന്തം വീടും സന്ദർശിച്ചിരുന്നു. ആ സമയത്ത് അവർക്ക് വൈറസ് ബാധയുണ്ടായിരുന്നില്ലെന്ന് സംശയിക്കുന്നു. പിന്നീടായിരിക്കാം രോഗബാധയുണ്ടായത്.ഫ്ലാറ്റിലെത്തി ആശുപത്രിയിലെ ഒരാഴ്ചത്തെ ജോലി കഴിഞ്ഞാണ് ഡോക്ടർ പരിശോധനയ്ക്ക് വിധേയയാകുന്നത്.

പുന്നൂർ ചെറുപാലം, നരിക്കുനി, എളേറ്റിൽ പ്രദേശങ്ങളിൽ കോവിഡ് ബാധ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിച്ചത് സമൂഹത്തിൽ അനാവശ്യ ഭീതിക്ക് ഇടയാക്കി. ഡോക്ടറുടെ ബന്ധുക്കൾക്കും കോവിഡ് ഉണ്ട് എന്ന തരത്തിലുള്ള തെറ്റായ വാർത്തയാണ് സത്യമറിയാത്തവർ പ്രചരിപ്പിച്ചത്. കടകളടപ്പിക്കുവാനുള്ള ശ്രമവും നടന്നു. ആളുകളുടെ പേരും വീട്ടുപേരുമൊക്കെ വച്ചുകൊണ്ടുള്ള നിയമപരമായി കുറ്റകരമായ വോയ്സ് സന്ദേശങ്ങളും പ്രചരിച്ചിരുന്നു.കുടുംബങ്ങളെയും പ്രദേശത്തെ തന്നെയും ഒറ്റപ്പെടുത്താനുള്ള ശ്രമവും നടന്നു. 

രോഗത്തോടാണ് നാംഎതിരിടുന്നത്;രോഗിയോടും ബന്ധുക്കളോടും വിവേചനം പാടില്ലാത്തതാണ്. ക്വാറൻറയിനിൽ കഴിയുന്ന സമയത്ത് കുടുബാംഗങ്ങൾക്ക് പുറത്തു പോകാൻ കഴിയാത്ത ഇത്തരം സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ,അത്യാവശ്യമരുന്നുകൾ എന്നിവ  എത്തിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതായിരുന്നു.പ്രത്യേകിച്ചും തൊഴിലെടുത്തു നിത്യജീവിതത്തിന് വക കണ്ടെത്തുന്നവരെ അധികൃതർ സാമ്പത്തികമായിത്തന്നെ സഹായിക്കേണ്ടതാണ്. നിജസ്ഥിതിയറിയുന്ന അയൽക്കാരും സുഹൃത്തുക്കളുമാണ് ഈ ഘട്ടത്തിൽ സഹായമെത്തിച്ചത്.
കാക്കൂർ, കിഴക്കോത്ത് പഞ്ചായത്തുകളിലായി നൂറോളം ആളുകളോട് ഹോം ക്വാറന്റയിനിൽ കഴിയുന്നതിന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചിരുന്നു.കാക്കൂർ ഗ്രാമപഞ്ചായത്ത് ഇത് സംബന്ധിച്ച് പ്രത്യേക പത്രക്കുറിപ്പ്‌ പ്രസിദ്ധപ്പെടുത്തുകയും വാട്ട്സ്ആപ്പ് മുഖേന അറിയിപ്പ് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.പ്രാഥമിക സമ്പർക്കമുണ്ട് എന്ന് കരുതിയവർക്ക് രോഗമില്ല എന്നത് ആശ്വാസകരമായ വാർത്തയാണ്. 

യഥാർത്ഥത്തിൽ വൈറസ് ബാധയില്ലാത്ത സമയത്താണ് സമ്പർക്കമുണ്ടായിരുന്നത് എന്ന കാര്യം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു.  ഇക്കാര്യം അന്വേഷിച്ചറിയാതെയാണ് ചില ആളുകൾ 'അതിജാഗ്രത' കാണിച്ചതും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതും.വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ, ക്വാറന്റയിൻ തുടങ്ങിയ ഉടനെ
ഭർത്തൃപിതാവുൾപ്പെടെ മുഴുവൻ ബന്ധുക്കളെയും  പൊതുജന ഭീതിയകറ്റാൻ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകായിരുന്നു.(അവരാകട്ടെ, മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രം സമൂഹത്തിൽ ഇടപെടുന്നവരുമാണ്. വായനശാലയിലും അനുശോചന യോഗത്തിലും പങ്കെടുത്ത വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവരെല്ലാം തന്നെ ലോക് ഡൗൺ നിബന്ധനകൾപാലിച്ചിരുന്നു.) എല്ലാ ബന്ധുക്കളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നു.
കോവിഡ് പോസിറ്റീവ് ആയ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. വൈറസ് ബാധയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഡോക്ടർ സ്വയം പരിശോധനയ്ക്ക് വിധേയമായതിനാലാണ് രോഗപ്പകർച്ച ഒഴിവാക്കാനായത്. ഡോക്ടറുടെ മകനെയും മാതാപിതാക്കളെയും നേരത്തെ തന്നെ പരിശോധിക്കുകയും അവർക്ക് വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
Previous Post Next Post
3/TECH/col-right