Trending

ലഹരിവസ്തുക്കളുടെ വിൽപ്പന അനുവദിക്കില്ല;എം.എ ഗഫൂർ മാസ്റ്റർ

എളേറ്റിൽ:ഒഴലക്കുന്ന്,കോട്ടക്കൽ,പറക്കുന്ന് പ്രദേശങ്ങളിൽ  ലഹരിവസ്തുക്കൾ വ്യാപകമായി വിതരണം ചെയ്ത് സമൂഹത്തെയാകെ വെല്ലുവിളിക്കുന്ന വിധ്വംസകശക്തികൾ തങ്ങളുടെ ചെയ്തികൾ അവസാനിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും,കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായ  എം.എ ഗഫൂർ മാസ്റ്റർ ആവശ്യപ്പെട്ടു.


ഭാവിയുടെ പ്രതീക്ഷകളായ യുവതയും,കൗമാരവും ലഹരിവസ്തുക്കൾക്ക് അടിമയായി ഒരു നാടിന് മൊത്തം നാശമൊരുക്കുന്ന സാഹചര്യം അനുവദിക്കാനാവില്ല.സാമ്പത്തിക നേട്ടങ്ങൾക്കായി അസാന്മാർഗിക വഴികൾ തെരഞ്ഞെടുക്കുന്ന ലഹരിമാഫിയ വിചിന്തനത്തിന് വിധേയരായി തങ്ങളുടെ മാർഗത്തിൽ നിന്നും പിന്തിരിയണം.

തുടർന്നും ലഹരിവസ്തുക്കളുടെ വിതരണത്തിൽ പങ്കാളികളാകുന്ന വ്യക്തികൾ ഈ നാടിന്റെ ഒറ്റക്കെട്ടായ പ്രതിരോധത്തിൽ കീഴടങ്ങേണ്ടി വരും. അതിന് അവസരമൊരുക്കാതെ സമൂഹനന്മക്കായി സ്വയം പിന്മാറുന്നതാണ് ഉചിതം.മാഫിയയുടെ കെണിയിൽ അകപ്പെട്ട ആളുകളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള യത്നത്തിൽ ജാതി-മത-രാഷ്ട്രീയ ഭേദമന്യെ എല്ലാ നാട്ടുകാരും ഒറ്റക്കെട്ടായി രംഗത്തുണ്ടാകും. 

ലഹരിക്കെതിരായ പ്രതിരോധത്തിൽ സജീവമായി ഇടപെടുന്ന 'ജാഗ്രതാ സമിതി' അടക്കമുള്ള എല്ലാ കൂട്ടായ്മകളെയും ജനപ്രതിനിധി എന്ന നിലക്ക് പരിപൂർണ്ണമായി പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post
3/TECH/col-right