Trending

തലമുറകൾക്കൊപ്പം സഞ്ചരിച്ചവർ....

തലമുറകൾക്കൊപ്പം സഞ്ചരിച്ചവർ....  അധ്യാപക ജീവിതത്തിൽ നിന്നും വിടപറയുന്ന എം. ജെയിലെ നമ്മുടെ  പ്രിയ അധ്യാപകരെക്കുറിച് തമ്മീസ് എളേറ്റിൽ എഴുതുന്നു 

ലാളിത്യത്തിന്റെ ആള്‍പൊക്കം പടിയിറങ്ങുകയായ്
 



ബഹളങ്ങളില്‍ നിന്നെല്ലാം അകലം പാലിച്ച് ശാന്തമായി ഇടപഴകി ലാളിത്യത്തിന്റെ മധുരം നിറച്ച് സംസാരിച്ച് നമുക്കിടയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ബുഷ്‌റ ടീച്ചര്‍. നിര്‍ണായക ഘട്ടങ്ങളിലൂടെ എം ജെ കടന്ന് പോവുന്ന  സന്ദര്‍ഭത്തില്‍ അവസരോചിതമായി ഇടപെട്ട് തന്റെ നേതൃപാടവം സ്ഥാപനത്തിന് കരുത്തും കരുതലുമാവുകയായിരുന്നു. 

1988ലാണ് ടീച്ചര്‍ ഗണിത അധ്യാപികയായി എം ജെയില്‍ എത്തുന്നത്. മുപ്പത്തിരണ്ട് വര്‍ഷത്തോളം നീണ്ട അധ്യാപന സപര്യ പ്രധാനാധ്യാപികയുടെ റോളില്‍ ഇന്ന് പരിസമാപ്തി കുറിക്കുകയാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന എളേറ്റില്‍ ഗ്രാമത്തെ പുരോഗതിയുടെ വെളിച്ച ഗോപുരത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നാല്‍പത് വര്‍ഷം മുമ്പ് തിരി തെളിഞ്ഞ എം ജെയുടെ യാത്രയില്‍ തനിക്കും ഭാഗവാക്കാവാന്‍ കഴിഞ്ഞു എന്ന സംതൃപ്തിയോടെയാണ് ടീച്ചര്‍ ഔദ്യോഗികമായി യാത്ര പറയുന്നത്. ഒപ്പം, നിരവധി നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കിയ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തിന് നേത്യത്വം നല്‍കാന്‍ സാധിച്ചു എന്ന ചാരിതാര്‍ഥ്യത്തോടെയും.     
             
നന്മണ്ട യു പി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും 
കോഴിക്കോട് ബി.ഇ.എം ഹൈസ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ പഠനവും ചേളന്നൂര്‍ എസ് എന്‍ കോളേജില്‍ പ്രീഡിഗ്രിയും മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഗണിതത്തില്‍ ബിരുദവും ഫാറൂഖ് കോളേജില്‍ അധ്യാപന പരിശിലനവും പുര്‍ത്തിയാക്കി.

പുതിയോട്ടില്‍ മുഹമ്മദ് സക്കരിയ- നഫീസ ഉമ്മ എന്നിവരുടെ മകളായി നന്മണ്ടയില്‍ ജനനം. രണ്ട് സഹോദരന്‍മാരും ഒരു സഹോദരിയുമുണ്ട്. ഭര്‍ത്താവ് കക്കോടി സ്വദേശി അബ്ദുറഹിമാന്‍. 
മക്കള്‍: അദീബ് ഇഹ്‌സാന്‍,  ഡോ. അദീല.
സര്‍വീസില്‍ നിന്ന് മാറിനില്‍ക്കുന്ന ഇനിയുള്ള കാലം കുടുംബത്തിന്റെ ഇമ്പം നുകര്‍ന്ന് സന്തോഷപ്രദവും ആരോഗ്യ പൂര്‍ണവുമാവട്ടെ എന്ന് ആശംസിക്കുന്നു


വേരുറപ്പുള്ള വാക്കുകള്‍ക്ക് വിരാമമായി
 
 

ഒ പി സാറും ഔദ്യോഗിക വേഷം അഴിച്ചുവെക്കുന്ന ദിവസമാണ് ഇന്ന്.
മൂന്ന് പതിറ്റാണ്ടായി ഉള്ളുറപ്പോടെ സംസാരിച്ചും ഊര്‍ജ സ്വലതയോടെ ഇടപെട്ടും ഒ പി സാര്‍ നമ്മോടൊപ്പം ഉണ്ടായിരുന്നു. കേവലം ക്ലാസ് മുറിയിലും ടെക്സ്റ്റ് ബുക്കിലും ഒതുങ്ങി നില്‍ക്കുന്ന പ്രകൃതമായിരുന്നില്ല. പുതിയ ചിന്തകളും കാലോചിതമായ പാഠ്യേതര പരിപാടികളും പുതിയ തലമുറയുടെ മുന്നില്‍ എങ്ങനെ പ്രവര്‍ത്തികമാക്കാം എന്ന ആലോചനയായിരുന്നു എപ്പോഴും. 

ശരിയായൊരു സാമുഹിക ശാസ്ത്ര അധ്യാപകന്റെ സഞ്ചാരമായി ഇതിനെ നമുക്ക് വിശേഷിപ്പിക്കാം. എട്ടാം തരം തൊട്ട് തന്നെ മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരുടെ അഭിരുചി അറിഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കണമെന്ന അദ്ദേഹത്തിന്റെ കാഴ്ച്ചപാടായിരുന്നു കഴിഞ്ഞ വര്‍ഷം ആരംഭിച്ച ജൂനിയര്‍ ഹൈഫ്‌ളൈ .സോഷ്യല്‍ സയന്‍സ് ക്ലബിനു പിന്നില്‍ ഫെബ്രുവരിയില്‍ വിദ്യാര്‍ത്ഥികളെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി യാത്രക്കൊരുങ്ങുമ്പോഴാണ് കോവിഡ് ഭീതി കാരണം മാറ്റിവെക്കേണ്ടി വന്നത്. ഇങ്ങനെ പുതിയ തലമുറക്കൊപ്പം പുതുമയോടെ എങ്ങനെ ചേര്‍ന്നു നില്‍ക്കാം എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. 
ശരിയെന്ന് തൊന്നുന്ന കാര്യങ്ങള്‍ വെട്ടിതുറന്നു സംസാരിച്ച് മുഖ സ്തുതിയേക്കാള്‍ മുഖം നോക്കി നിലപാടു പറയുന്ന അദ്ദേഹത്തിന്റെ പ്രകൃതം എന്നും അദ്ദേഹത്തെ വേറിട്ട് നിര്‍ത്തി.  

1990 ഒക്ടോബറിലാണ് ഒ പി സാര്‍ എം ജെയില്‍ എത്തുന്നത്. ഒരു ഗ്രാമത്തിന്റെ ദിശ തന്നെ മാറ്റിവരച്ച എം ജെയോടൊപ്പം  മുന്ന് പതിറ്റാണ്ട് സഞ്ചരിച്ച് തലമുറകളുടെ മനസ്സില്‍ മായാത്ത ചിലതൊക്കെ അവശേഷിപ്പിക്കാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെ അദ്ദേഹത്തിന് പടിയിറങ്ങാം.

പാലങ്ങാട് ഒടുപാറ യു പി സ്‌കുളിലും നരിക്കുനി ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസവും മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ നിന് പ്രീഡിഗ്രിയും തുടര്‍ന്ന് ചരിത്രത്തില്‍ ബിരുദവും മൈസൂര്‍ രാമകൃഷ്ണ മിഷന്‍ കോളേജില്‍ നിന്ന് അധ്യാപക പരിശീലനവും കരസ്ഥമാക്കിയ ശേഷം ഇഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദവും ഒപ്പം സെറ്റ് യോഗ്യതയും നേടിയാണ് അദ്ദേഹം അധ്യാപകനായെത്തുന്നത്. 

നരിക്കുനി ഒടുപാറ ഒ.പി കുഞ്ഞമ്മു ഹാജി- ഖദീജ ഉമ്മ എന്നിവരാണ് മാതാപിതാക്കള്‍. ആറ് സഹോദരന്‍മാരും രണ്ട് സഹോദരിയു മുണ്ട്. ഭാര്യ സജ്‌ന. മക്കള്‍: ഡോ. അര്‍ഷദ് റഹ്മാന്‍, ദില്‍വര്‍ റഹ്മാന്‍, അനു ദാരിയ.
വിശ്രമ ജീവിതം എന്നത് ഒ പി മാഷിന്റെ നിഘണ്ടുവിലില്ലെന്നുറപ്പാണ്. സാമുഹികമായും മറ്റും അദ്ദേഹം ഏറ്റെടുക്കുന്ന ദൗത്യങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും. 

സന്തോഷകരവും ആരോഗ്യ പൂര്‍ണവുമായ നല്ല നാളെകള്‍ പൂവണിയട്ടെ.
സസ്നേഹം🌹
തമ്മീസ് അഹമ്മദ്

Previous Post Next Post
3/TECH/col-right