Trending

പ്രവാസികളോടാണ്; റൂമിലിരുന്ന് വെറുതെ ആലോചിച്ച് ടെൻഷനും ഹൃദയാഘാതവും വിളിച്ച് വരുത്തേണ്ടതില്ല: ഈ സമയവും കടന്ന് പോകും

ജിദ്ദ:പ്രവാസ ലോകത്ത് നിന്നുള്ള മരണ വാർത്തകളിൽ മരണ കാരണമായി വിവിധ ഘടകങ്ങൾ കാണാറുണ്ടെങ്കിലും ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണ നിരക്ക് വലിയ ശതമാനം തന്നെയുണ്ട് എന്ന് പറയാം.ഗൾഫിൽ കൊറോണ വ്യാപനം ആരംഭിച്ച നാളുകളിൽ മരണപ്പെട്ട പല പ്രവാസികളുടെയും മരണ കാരണം കൊറോണ മൂലമല്ലെന്നും മറിച്ച് കൊറോണ ഭീതി മൂലമാണെന്നും റിപ്പോർട്ടുകൾ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.


കൊറോണ ടെസ്റ്റിനു കൊടുത്ത് അതിനെക്കുറിച്ച് ആലോചിച്ച് ടെൻഷനടിച്ച് ഹാർട്ടറ്റാക്കായി മരിച്ച പ്രവാസികളെക്കുറിച്ചുള്ള വാർത്തകളും ഈ കാലയളവിൽ നാം കാണാനിടയായി.അതേ സമയം ഗൾഫ് രാജ്യങ്ങളിൽ അധികവും കൊറോണയെ ശക്തമായ രീതിയിൽ തന്നെ പ്രതിരോധിക്കുന്നുണ്ടെന്നും ഗൾഫിലെ മരണ നിരക്ക് മറ്റു ലോക രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുംബോൾ തീരെ ചുരുങ്ങിയ ശതമാനമാണെന്നതുമാണു യാഥാർത്ഥ്യം.

ഈ വസ്തുത വൈകിയെങ്കിലും തിരിച്ചറിഞ്ഞത് കൊണ്ടാണോ എന്നറിയില്ല, വൈറസ് വ്യാപനത്തിൻ്റെ ആദ്യ ഘട്ടങ്ങളിൽ പ്രവാസികൾക്ക് ഉണ്ടായിരുന്ന ഭീതിയും ഹൃദയാഘാത മരണവുമെല്ലാം ഇപ്പോൾ തീരെ കുറവാണെന്ന് തന്നെ പറയാം.

ഏതായാലും ഈ സാഹചര്യത്തിൽ റൂമുകളിൽ ഇരിക്കുംബോൾ വെറുതെ കുറേ ആലോചനകളുമായി സമയം കളയാതിരിക്കാൻ നാം ഓരോരുത്തരും ചിന്തിക്കണം. പുറത്തിറങ്ങുന്നത് ഇക്കാലത്ത് ഒരു നിലക്കും നല്ലതല്ലെന്നിരിക്കെ റൂമിലെ സഹ പ്രവർത്തകരുമായി ആരോഗ്യപരമായ ചർച്ചകൾ നടത്തിയും വായനകളിലും മറ്റു വിനോദങ്ങളിലും നല്ല ഉപകാരപ്രദമായ വീഡിയോകൾ കണ്ടും മറ്റും സമയം ഫലപ്രദമായി വിനിയോഗിക്കാൻ ശ്രമിക്കുക. 


കുറഞ്ഞ സമയമെങ്കിലും റൂമിനുള്ളിൽ വെച്ച് തന്നെ നിർവ്വഹിക്കാൻ കഴിയുന്ന ചെറിയ വ്യായാമങ്ങൾ പതിവായി ചെയ്യുക. ഉള്ളിലുള്ള ആധികൾ മൂടി വെക്കാതെ മറ്റുള്ളവരുമായി പങ്ക് വെക്കുക. അത് നമ്മുടെ ഹൃദയത്തിൻ്റെ ഭാരം കുറക്കുന്നതിനു വലിയ അളവിൽ തന്നെ സഹായിക്കും. അതേ സമയം നെഗറ്റീവ് ചിന്താഗതി മാത്രം വെച്ച് പുലർത്തുന്നവരുമായി സംസാരം കുറക്കുകയും ചെയ്യണം.

നമ്മോട് അധികൃതർ ആവശ്യപ്പെട്ട മുൻ കരുതൽ നടപടികൾ സ്വീകരിച്ച് കഴിയുക. നമ്മുടെ ഭാഗം ക്ളിയർ ആക്കിയതിനു ശേഷം പിന്നീട് എന്ത് സംഭവിച്ചാലും നമുക്ക് അക്കാര്യത്തിൽ ഒരു മാനസിക പ്രയാസം ഉണ്ടാകേണ്ടതില്ല. കാരണം നമുക്ക് വിധിച്ചത് ഗൾഫിലായാലും നാട്ടിലായാലും നാട്ടിലേക്കുള്ള വിമാനത്തിൽ വെച്ചായാലും കപ്പലിൽ വെച്ചായാലും കിട്ടേണ്ട സമയത്ത് കിട്ടുക തന്നെ ചെയ്യും.

ഇന്ത്യയിൽ ഒരു തൊഴിലാളി നാട്ടിലെത്താനായി ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് നൂറു കണക്കിനു കിലോമീറ്ററുകൾ നടന്ന് അവസാനം സ്വന്തം നാട്ടിലെത്തിയയുടനെ മരണപ്പെട്ട ദാരുണമായ വാർത്ത നമ്മിൽ പലരും കഴിഞ്ഞയാഴ്ച വായിച്ചിട്ടുണ്ടാകും.

അത് കൊണ്ട് തന്നെ അനാവശ്യമായ ഭീതിയോ ആശങ്കകളോ ആലോചിച്ചുണ്ടാക്കേണ്ട ആവശ്യമില്ലെന്നും ഈ സമയവും കഴിഞ്ഞ് പോകുമെന്നും ഓർക്കുക. നമ്മുടെ നിലവിലെ അവസ്ഥയെ വിശകലനം ചെയ്ത് നാട്ടിൽ പോകുന്നതാണോ അതോ ഗൾഫിൽ തന്നെ പിടിച്ച് നിൽക്കുന്നതാണോ നല്ലത് എന്നത് തീരുമാനിക്കുക. 


പ്രതിസന്ധികൾ ഒന്നും സ്ഥിരമല്ലെന്നും എല്ലാ പ്രയാസങ്ങൾക്കുമപ്പുറം ഒരു എളുപ്പമുണ്ടെന്നും ആലോചിക്കുക. പ്രത്യേകിച്ച് അകലം പാലിക്കലും കൈകൾ കഴുകലും മാസ്ക്ക് ധരിക്കലും മറ്റും ചെയ്ത് കൊണ്ട് പരമാാധി സ്വയം സംരക്ഷിച്ച് സ്വസ്ഥമായ മനസ്സോട് കൂടി മുന്നേറുക. തീർച്ചയായും ഓരോ അസ്തമയത്തിനും ഒരു ഉദയമുണ്ടെന്നത് തീർച്ചയാണല്ലോ.
Previous Post Next Post
3/TECH/col-right