Trending

ഡെയ്സി ടീച്ചർ പടിയിറങ്ങുന്നു

പൂനൂർ: തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറും പൂനൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ മുൻ പ്രധാനാധ്യാപികയുമായ ഡെയ്സി സിറിയക് ടീച്ചർ ഇന്ന് സർവീസിൽ നിന്ന് വിരമിച്ചു.1990 ൽ താമരശ്ശേരി ഗവ. ഹൈസ്കൂളിൽ ഗണിതശാസ്ത്ര അധ്യാപികയായി സർവീസിൽ പ്രവേശിച്ച ഡെയ്സി ടീച്ചർ,  2011 ൽ പ്രധാന അധ്യാപികയായി  സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെയുള്ള 21വർഷക്കാലം താമരശ്ശേരി  ഗവണ്മെന്റ് ഹൈസ്കൂളിലെ 'പ്രിയപ്പെട്ട കണക്ക് ടീച്ചർ' ആയിരുന്നു.


വയനാട് ജീല്ലയിലെ പരിയാരം,വൈത്തിരി സ്കൂളുകളിലും പൂനൂർ സ്കൂളിലും പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ചു.  2019 ൽ നെയ്യാറ്റിൻകര D E O ആയി സ്ഥാനക്കയറ്റം ലഭിച്ച ടീച്ചർ ഏതാനും മാസങ്ങൾക്കു മുൻപാണു തിരുവല്ലയിൽ ചാർജ്ജെടുത്തത്. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ  ഓഫീസിൽ പോകാന്‍ കഴിയാതെയാണ് ഇന്ന് ഔദ്യോഗിക  ജീവിതത്തോട് യാത്ര പറയുന്നത്.

തന്റെ വിഷയത്തോടുള്ള സമർപ്പണ മനോഭാവവും  സ്നേഹപൂർണമായ ഇടപെടലും  ടീച്ചറെ മികച്ച അധ്യാപികയാക്കി. കുട്ടികളുടെയും സ്കൂളിന്റെയൂം ആവശ്യം തിരിച്ചറിയാനും അതിനനുസരിച്ചുള്ള പദ്ധതികൾ നടപ്പിലാക്കാൻ  കാണിച്ച ഔത്സുക്യവും  പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ച സ്ഥലങ്ങളിലെ പ്രിയങ്കരിയാക്കി.

സാധാരണ കുടുംബങ്ങളിൽ നിന്നു വരുന്ന കുട്ടികളിലെ ഗണിതവാസനയെ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും കഴിഞ്ഞതും  പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ നൂറുമേനി വിജയത്തിന് ചുക്കാൻ പിടിക്കാൻ കഴിഞ്ഞതും സർവീസ് ജീവിതത്തിലെ  പുണ്യമായിക്കാണുന്നു ടീച്ചർ.


Previous Post Next Post
3/TECH/col-right