Trending

കോഴിക്കോട് രണ്ട് പേര്‍ക്ക് കൂടി വൈറസ് ബാധ:തമിഴ്നാട്, അഴിയൂര്‍ സ്വദേശികൾ:20,062 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നലെ  ഒരു തമിഴ്‌നാട് സ്വദേശി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 23 ആയി. ഇവരില്‍ 11 പേര്‍ രോഗമുക്തരായിട്ടുണ്ട്. 13 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുകൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം സ്ഥിരീകരിച്ച 6 ഇതര ജില്ലക്കാരില്‍ 4 പേര്‍ രോഗമുക്തി നേടി. ഒരു മലപ്പുറം സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും ചികിത്സയിലുണ്ട്. കൂടാതെ, ഇന്നലെ  രോഗം സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശിയും ചികിത്സയിലുണ്ട്.


ജില്ലയില്‍ ഇന്നലെ  കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ 33 കാരനായ അഴിയൂര്‍ സ്വദേശിയാണ്. മാര്‍ച്ച് 20 ന് ദുബായിയില്‍ നിന്നും നെടുമ്പശ്ശേരി വഴി വന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞു വരികയായിരുന്നു. രണ്ടാമത്തെയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തുള്ള അഗതി മന്ദിരത്തില്‍ കഴിയുന്ന 67 വയസ്സുള്ള തമിഴ്‌നാട് സ്വദേശിയാണ്. രണ്ടു പേരും ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

ജില്ലയില്‍ ഇന്നലെ  1052 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 20,062 ആയി. നിലവില്‍ 2770 പേരാണ് നിരീക്ഷണത്തിലുള്ളത്.  ഇന്ന് പുതുതായി വന്ന 15 പേര്‍ ഉള്‍പ്പെടെ ആകെ 36 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 7 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്നലെ  24 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 771 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 745 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 715 എണ്ണം നെഗറ്റീവ് ആണ്. ഇനി 26 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

2863 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8721 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. കാക്കൂര്‍, കോടഞ്ചേരി പ്രദേശങ്ങളില്‍ മൈക്ക് പ്രചാരണം നടത്തി. പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത  കോടഞ്ചേരിയില്‍ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലങ്ങളിലും ജാഗ്രതാ സമിതി യോഗം ചേര്‍ന്നു ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി.
Previous Post Next Post
3/TECH/col-right