Trending

കോവിഡ് 19, കോടഞ്ചേരിയിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

കോടഞ്ചേരി: പഞ്ചായത്തിലെ മൈക്കാവിൽ ആരോഗ്യ പ്രവർത്തകക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള പഞ്ചായത്ത് തല ആർ ആർ ടി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.  ഈ പ്രത്യേക സാഹചര്യത്തിൽ ഉടനടി നടപ്പിലാക്കേണ്ട വിവിധ തീരുമാനങ്ങളും എടുത്തു.


ഇതിനെ തുടർന്ന് പഞ്ചായത്തിലെ 13, 14വാർഡുകൾ പൂർണമായും ട്രിപ്പിൾ ലോക് ഡൗൺ ചെയ്തു. പ്രദേശത്തെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 8 മണി മുതൽ 11 വരെയും, പൊതുവിതരണ കേന്ദ്രം രാവിലെ 8 മണിമുതൽ ഉച്ചക്ക് 2മണിവരെയും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകി. ലോക് ഡൗൺ ഫലപ്രദമായി നടപ്പിലാക്കുന്നതിനാവശ്യമായ പോലീസ് ഫോഴ്സിനെ ഏർപ്പെടുത്തി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികളും സ്വീകരിക്കും.

രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീടും പരിസരവും, മൈക്കാവ് അങ്ങാടിയും അണുവിമുക്തമാക്കും. രോഗിയുടെ  ബന്ധുക്കളുടെ മുഴുവൻ പ്രൈമറി കോൺടാക്ടും ട്രേസ്  ചെയ്ത് അവരെ ക്വറന്റൈൻ ചെയ്യുന്നതിനുളള നടപടികളും സ്വീകരിച്ചു.

ഫയർഫോഴ്സ് ഡിഫൻസ് ടീം ആർ ആർ ടി  വാളണ്ടിയർമാർ ശേഖരിക്കുന്ന റേഷൻ കടകളിലെ സൗജന്യ കിറ്റ് വീടുകളിൽ എത്തിച്ചു നൽകും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫ്രാൻസീസ് ചാലിൽ. സ്ഥിരം സമിതി അംഗങ്ങളായ ചിന്ന അശോകൻ, കെ എം ബഷീർ, ടെസി ഷിബു, ജമീല അസീസ് വാർഡ്‌ മെമ്പറന്മാരായ തമ്പി പറകണ്ടത്തിൽ, റൂബി തമ്പി, കെ പി ചാക്കോച്ചൻ, സെക്രട്ടറി കെ ഗിരീഷ് കുമാർ, കോടഞ്ചേരി പോലീസ് സ്റ്റേഷൻ സി ഐ കെ പി സുനിൽ, എസ് ഐ എം അഭിലാഷ്, മെഡിക്കൽ ഓഫീസർ ഡോ. അബ്ദുറഹിമാൻ, എച്ച് ഐ കിഷോർ, ജെ എച്ച് ഐ മാരായ കരീം, മീത്ത് മോഹൻ, വില്ലേജ് ഓഫീസർന്മാരായ പ്രഭാകരൻ(കോടഞ്ചേരി), കെ ഷിജു (കൂടത്തായ്),  മുക്കം ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ ജയപ്രകാശ്,  കൃഷി ഓഫീസർ ഷബീർ അഹമ്മദ്, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ  ബെന്നി , രമേശ്‌ ബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന  നേഴ്സിന് എടച്ചേരി സ്വദേശിക്ക് ചികിത്സ നൽകിയ അവസരത്തിൽ സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്. ബുധനാഴ്ചയാണ് (22-4-2020) ആരോഗ്യ പ്രവർത്തകക്ക് രോഗം സ്ഥിരീകരിച്ചത്.


ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി.

 കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ കൊറോണ രോഗം ഇന്നലെ (22-4-2020) സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവു ഐ എ എസ്  ഉത്തരവിറക്കി.  പഞ്ചായത്തിലെ 13, 14 വാർഡുകളിലെ പൊതു പ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി ഉത്തരവിൽ പറയുന്നു. അവശ്യ വസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല. 


ഈ വാർഡുകളിൽ ഉൾപ്പെട്ടവർ അടിയന്തിര വൈദ്യ സഹായത്തിനല്ലാതെ വാർഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും, പുറത്തുള്ളവർ ഈ വാർഡിനകത്തേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ വാർഡുകളിൽ ഭക്ഷ്യ -അവശ്യ വസ്തുക്കൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ 8 മുതൽ 11 വരെയും, പൊതു വിതരണ സ്ഥാപനങ്ങൾ രാവിലെ 8 മുതൽ 2 വരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളു.

 ഈ വാർഡുകളിൽ വീടിന് പുറത്ത് ആൾക്കൂട്ടം കൂടി നിൽക്കുന്നതും നിരോധിച്ചു. മേല്പറഞ്ഞ വാർഡുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈരൂട് -പുതുപ്പറ്റ സഡക് റോഡ് (ഇളനീരക്കര) ൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
Previous Post Next Post
3/TECH/col-right