Trending

കോവിഡ് 19: ജില്ലയിലെ അഞ്ചിടങ്ങളില്‍ സ്രവ സാമ്പിള്‍ ശേഖരിക്കാന്‍ സൗകര്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കു പുറമെ ബീച്ച് ജനറല്‍ ആശുപത്രി, വടകര, നാദാപുരം, കൊയിലാണ്ടി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനയ്ക്കുള്ള സ്രവ സാമ്പിളുകള്‍ ശേഖരിക്കാന്‍ സൗകര്യമുള്ളതായി കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കോവിഡ് പരിശോധനയ്ക്കായി  ആശുപത്രിയില്‍ എത്തിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആംബുലന്‍സ് ഉപയോഗിക്കാവുന്നതാണെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.  


ജില്ലയില്‍ ക്ലസ്റ്റര്‍ ക്വറന്റൈന്‍ ചെയ്ത വാര്‍ഡിലുള്ള അര്‍ഹരായവര്‍ക്ക് റേഷന്‍കടകള്‍ മുഖാന്തിരം നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ വളണ്ടിയര്‍മാര്‍ മുഖേന അവരവരുടെ വീടുകളില്‍ എത്തിച്ചു നല്‍കാനും നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ലോക്ക്ഡൗണ് കഴിയുന്നതുവരെ വാര്‍ഡ് ആര്‍.ആര്‍.ടികള്‍ ആവശ്യവസ്തുക്കള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വളണ്ടിയര്‍മാര്‍ മുഖാന്തിരം എത്തിച്ചു നല്‍കണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുറമെ  ആരോഗ്യ വകുപ്പ് കണ്ടെത്തിയ കോവിഡ് രോഗസാധ്യത സംശയിക്കുന്നവര്‍ക്കും മേല്‍പറഞ്ഞ രീതിയില്‍ ആവശ്യവസ്തുക്കള്‍ എത്തിച്ചുനല്കണം.

ജില്ലയിലെ ഹോട്സ്പോട്ടുകള്‍ ആയി കണ്ടെത്തിയ പ്രദേശങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ തീരുമാനിച്ചു. ദുബായി നൈഫ് മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെത്തിവര്‍ ലോക്ക്ഡോണ്‍് കഴിയുന്നതുവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുവെന്ന് വാര്‍ഡ് ആര്‍.ആര്‍.ടി കള്‍ ഉറപ്പുവരുത്തണം.

വിദേശത്തുനിന്നും എത്തിയവരെ നിരീക്ഷണത്തില്‍ ആക്കുന്നതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും സൗകര്യപ്രദമായ കെട്ടിടങ്ങള്‍ കണ്ടെത്തണം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും സ്വന്തം പരിധിയിലുള്ള പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ജില്ലയിലെ വിവിധ ഇടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന അഗതികളും അനാഥരുമായവരുടെ പുനരധിവസത്തിനായി ജില്ലയില്‍ മൂന്നു കെട്ടിടങ്ങള്‍ കണ്ടെത്തി. ഇവരില്‍ തൊഴില്‍ എടുക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍, അസാപ് ജില്ലാ ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സമിതി രൂപീകരിച്ചു. കുടുംബശ്രീക്ക് മാസ്‌ക് നിര്‍മ്മാണത്തിനും സപ്ലൈകോക്ക് നല്‍കാനുള്ള തുണി സഞ്ചികള്‍ നിര്‍മ്മിക്കുന്നതിനുമായി തയ്യല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
Previous Post Next Post
3/TECH/col-right