Latest

6/recent/ticker-posts

Header Ads Widget

മരണത്തെക്കാള്‍ ഭയാനകമാണ് ചില ജീവിതങ്ങള്‍

എണ്പത്തി രണ്ട് വയസ്സുള്ള ഈ മനുഷ്യന് തെരുവില് കഴിയുമ്പോള് ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തില് എത്തിച്ചു സംരക്ഷണം നല്കല് ഹെല്ത്ത് കെയര് ഫൗണ്ടേഷന് എളുപ്പമായിരുന്നു. എന്നാല് മനസ്സ് അനുവദിച്ചില്ല. കാരണം വിദ്യാസമ്പന്നരും ഉന്നത ജോലികളില് ഉള്ളവരുമായ നാലു മക്കളുടെ അച്ഛനാണ് ഇതെന്നത് മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു. കത്തറമ്മല് പ്രദേശത്ത് ഉടുതുണിക്ക് മറു തുണിയില്ലാതെ തെരുവോരത്ത് ദുരിത ജീവിതം നയിക്കുന്ന ഈ വലിയ മനുഷ്യനെ കുറിച്ച് കഴിഞ്ഞ ദിവസം ഹെൽത്ത് കെയർ ഫൗണ്ടേഷൻ മെമ്പർ എം.ടി സലീം മാസ്റ്ററാണ് അറിയിച്ചത്. 
 
 
ഒരു കാലത്ത് സ്വന്തമായി വലിയ തോതില് ബിസിനസ് നടത്തുകയും ഒരുപാട് പേര്ക്ക് തൊഴില് നല്കുകയുമൊക്കെ ചെയ്ത ഇദ്ദേഹത്തിന്റെ സമ്പന്ന നാളിലെ കഥ കൂടി കേട്ടപ്പോള് പരിസരത്ത് തന്നെ ഒരു വാടക വീടോ മറ്റോ സംഘടിപ്പിച്ച് അദ്ദേഹത്തിന് സംരക്ഷണമൊരുക്കുന്നതിനെ കുറിച്ച് ചര്ച്ച ചെയ്തു. എന്നാല് ഒരുപാട് സാങ്കേതികത്വത്തില് ഇത് ഫലം കണ്ടില്ല. താമരശ്ശേരി പോലീസില് വിവരമറിയിച്ചപ്പോള് പോലീസ് അദ്ദേഹത്തെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി കിച്ചണോടനുബന്ധിച്ചുള്ള ചെറിയ സൗകര്യത്തില് ഗവ.യു പി സ്‌കൂളിലേക്ക് മാറ്റി. 
 
അനുബന്ധമായ ചില കാര്യങ്ങള് പൊതുസമൂഹം ഏറെ ഗൗരവത്തോടെ ചിന്തിക്കേണ്ടതാണ്. മക്കളുമായി ബന്ധപ്പെട്ടപ്പോള് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി സംരക്ഷണമൊരുക്കാന് അവരാരും സന്നദ്ധമായില്ല. പേര് കേട്ട ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു ഈ അച്ഛന് മക്കളെ പഠിപ്പിച്ചത് എന്നതും പഠന മികവില് തന്നെയാണ് നാലു പേരും വലിയ സ്ഥാനങ്ങളില് എത്തിയതെന്നു കൂടി അറിഞ്ഞപ്പോള് അതെന്നെ കൂടുതല് അസ്വസ്ഥമാക്കി.
 
മോഹങ്ങളും സുഖങ്ങളും ആയുസ്സും വളരെ പെട്ടെന്ന് കത്തിത്തീര്ന്നു പോകും. തളര്ന്നുവീണവരുടെയും കൊഴിഞ്ഞുപോയവരുടെയും കണ്ണുനീര് ചാലിട്ട് ഒഴുകുന്ന ഈ ലോകത്ത്, അവനവന്റെ സന്തോഷത്തിനു മുന്പില് മറ്റുള്ളവരുടെ അഭിമാനത്തിനും വേദനകള്ക്കും യാതൊരു വിലയും കല്പിക്കാത്തവര്. ഒരിക്കല് നമുക്ക് ആവോളം കിട്ടിയ പിതാവിന്റെ കളങ്കമില്ലാത്ത സ്‌നേഹം, നമ്മുടെ ബുദ്ധി മറന്നുപോയാലും ഹൃദയം മറക്കില്ല. ആട്ടിന്കാഷ്ഠത്തിനുപോലും നല്ല വില കിട്ടുന്ന ഈ കാലത്ത് അച്ഛന് തെരുവില് പുഴു അരിക്കുന്നു. എന്തുകൊണ്ട് നാലു മക്കളെയും ഇതൊന്നും അസ്വസ്ഥമാക്കുന്നില്ലെന്നത് ചിന്തിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല.
 
കാരുണ്യത്തിന്റെ, സാന്ത്വനത്തിന്റെ തലോടലായി വയനാട് ജില്ലാ കലക്ടര് അദീല അബ്ദുള്ളയുടെ ഇടപെടല് ആ അച്ഛനെ വയനാട്ടിലെ കുടുംബത്തിന്റെ കരങ്ങളില് എത്തിക്കാന് സഹായിച്ചു.
സ്വന്തം രക്തത്തിന്റെ മണം തിരിച്ചറിഞ്ഞപ്പോള് ആ വൃദ്ധന്റെ കണ്ണില് നിന്ന് ആനന്ദാശ്രു ഇറ്റുന്നത് കാണാമായിരുന്നു. മനസ്സില്ലാ മനസ്സോടെ അച്ഛനെ ഏറ്റുവാങ്ങുമ്പോള് ആ മകളുടെ കണ്ണുകളില് കോപാഗ്‌നി കത്തുന്നു.
 
എവിടെയാണ്, ആര്ക്കാണ് തെറ്റുപറ്റിയത്?
 
ദാമ്പത്ത്യ ജീവിതത്തിലെ വിള്ളലാണോ ഈ സ്ഥിതി വരുത്തി വച്ചത്, കൂട്ടുകുടുംബങ്ങള് പരസ്പരം കൈതാങ്ങിയിട്ടുണ്ടാവില്ലേ, മക്കള് ഡിഗ്രികള് നേടാന് പഠിച്ചതിനൊപ്പം മാതാപിതാക്കളെ സ്‌നേഹിക്കാനുള്ള കൊച്ചു പാഠം പഠിക്കാന് മറന്നോ, ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തില് മക്കള് യന്ത്രം കണക്കെ സിലബസുകള് പഠിച്ചു കൊണ്ടിരുന്നപ്പോള് അച്ഛനെന്ന വലിയ രാജ്യത്തിന്റെ ഹൃദയം കാണാന് പറ്റാതെ വന്നോ, ലോകത്തിലെ ഏറ്റവും വലിയ ആദര്ശം മനുഷ്യത്വമാണെന്നത് സമൂഹം തികച്ചും വിസ്മരിച്ചു കൊണ്ടിരിക്കുകയാണോ...
 
ഒരു പാട് ചോദ്യങ്ങള് സ്വയം ചോദിച്ചുകൊണ്ടാണ് ചുരമിറങ്ങിയത്.
ഒറ്റ പ്രാര്ത്ഥന മാത്രം. 82 പിന്നിട്ട ഈ വലിയ മനുഷ്യന് മക്കള്ക്കും പേരമക്കള്ക്കുമൊപ്പം കളി തമാശകള് നിറഞ്ഞ സന്തോഷ ജീവിതം ലഭിക്കണേ, കൂടെ ഭൂമിയില് ഒരാള്ക്കും ഈ ഗതി വരുത്തരുതേ എന്നും.
 
സി.കെ.എ.ഷമീര് ബാവ
ജനറല് സെക്രട്ടറി
ഹെല്ത്ത് കെയര് ഫൗണ്ടേഷൻ - പൂനൂർ 

Post a Comment

0 Comments