Trending

കേരളത്തിലെ ഏഴ് ജില്ലകള്‍ കൊവിഡ് തീവ്രബാധിത പ്രദേശമെന്ന്:കേന്ദ്രം

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണത്തിന്റെ ഭാ​ഗമായി കൊവിഡ് വ്യാപന സാധ്യതയുള്ള തീവ്രമേഖലയിൽ (ഹോട്ട് സ്പോട്ട്) കേരളത്തിലെ ഏഴ് ജില്ലകളും. കേന്ദ്രസർക്കാർ തയ്യാറാക്കിയ പട്ടികയിലാണ് സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഉൾപ്പെട്ടിരിക്കുന്നത്.തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂ‍ർ, കാസ‍ർകോട്, വയനാട് എന്നീ ജില്ലകളെയാണ് കൊവിഡ് വ്യാപനത്തിന് കൂടുതൽ സാധ്യതയുള്ള ജില്ലകളുടെ പട്ടികയിൽ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം വയനാട് ജില്ല പൂർണമായും ഹോട്ട് സ്പോട്ട് അല്ല. ജില്ലയിലെ ചില മേഖലകളെ മാത്രമാണ് ഹോട്ട് സ്പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.


തൃശൂർ, കൊല്ലം, ഇടുക്കി, പാലക്കാട്,ആലപ്പുഴ, കോട്ടയം എന്നീ ആറ് ജില്ലകളെ രോഗബാധ തീവ്രമല്ലാത്ത ‌( നോൺ ഹോട്ട് സ്പോട്ട്) ജില്ലകളുടെ പട്ടികയിലും കേന്ദ്രസ‍ർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫലത്തിൽ കോഴിക്കോട് ഒഴികെയുള്ള മുഴുവൻ ജില്ലകളും രോഗവ്യാപന സാധ്യതയുള്ള ജില്ലകളായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കാക്കിയിരിക്കുന്നത്.

തീവ്രമേഖലയിൽ ഉൾപ്പെട്ട ജില്ലയിൽ തുടർച്ചയായി 14 ദിവസം  പുതിയ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ആ ജില്ലയെ നോണ് സ്പോട്ട് അഥവാ ഓറഞ്ച് പട്ടികയിലേക്ക് മാറ്റും. ഓറഞ്ച് പട്ടികയിൽ ഉൾപ്പെട്ട ജില്ലയിൽ തുടർച്ചയായി 14 ദിവസവും പുതിയ കൊവിഡ് രോഗികൾ ഉണ്ടായില്ലെങ്കിൽ ആ ജില്ലയെ ഗ്രീൻ സോണിലേക്ക് മാറ്റും. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ നിലവിൽ കോഴിക്കോട് മാത്രമാണ് ഗ്രീൻ സോണിൽ ഉൾപ്പെടുന്നത്. 

രാജ്യത്തെ 170 ജില്ലകളെയാണ് കൊവിഡ് ഹോട്ട് സ്പോട്ടുകളായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. ഹോട്ട്സ്പോട്ടുകളിൽപ്പെടുന്ന എല്ലാവരെയും പരിശോധിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്കി കേന്ദ്രം പുതിയ മാർഗ്ഗരേഖ ഇന്ന് പുറത്തിറക്കിയിരുന്നു.

ഹോട്ട് സ്പോട്ടുകൾ, നോണ്‍ ഹോട്ട് സ്പോട്ടുകൾ, ഗ്രീൻ സ്പോട്ടുകൾ എന്നിങ്ങനെ രാജ്യത്തെ ജില്ലകളെ മൂന്നായി തിരിച്ചാണ് കൊവിഡ് പ്രതിരോധത്തിൻറെ അടുത്ത ഘട്ടമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഹോട്ട് സ്പോട്ടുകൾ തീവ്രമേഖലയും നോണ്‍ ഹോട്ട് സ്പോട്ടുകൾ രോഗംപടരാൻ സാധ്യതയുള്ള മേഖലയുമാണ്. ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ 170 ജില്ലകളിൽ കര്‍ശന നിയന്ത്രണം തുടരണമെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിൻ്റെ നിലപാട്.

ഈ ജില്ലകളിൽ ഓരോ വീട്ടിലെയും താമസക്കാരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കണം. രോഗ ലക്ഷണമുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കണം. ഈ മേഖലയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. രോഗികളുമായി ഇടപഴകിയ എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കണം. 207 ജില്ലകളാണ് നോണ്‍ ഹോട് സ്പോട്ടായി ഉള്ളത്. ഇവിടെയും പ്രത്യേക നീരീക്ഷണം ഉണ്ടാകണം. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങൾ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ്സെക്രട്ടറിമാര്‍ക്ക് നൽകിയിട്ടുണ്ട
Previous Post Next Post
3/TECH/col-right