Trending

പ്രവാസികളുടെ മടങ്ങിവരവ്;കൊടുവള്ളി മണ്ഡലം സുസജ്ജം:കാരാട്ട് റസാഖ് എം എൽ എ

കൊടുവള്ളി:കോവിഡ് 19 മഹാമാരിയുടെ പശ്ചാതലത്തിൽ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് കേന്ദ്ര സർക്കാറിൻ്റെ ഭാഗത്ത് നിന്നും നടപടികൾ ആരംഭിച്ചാൽ, കൊടുവള്ളി മണ്ഡലത്തിൽ മടങ്ങി വരുന്ന പ്രവാസി സഹോദരങ്ങൾക്ക് ലോക ആരോഗ്യ സംഘടനയുടെ മുൻഗണന പ്രകാരമുള്ള എല്ലാ വിധ പരിശോധനക്കും ക്വാറന്റൈൻ സംവിധാനത്തിനും ആരോഗ്യ വകുപ്പിൻ്റെയും, റവന്യൂ വകുപ്പിൻ്റെയും നേതൃത്വത്തിൽ കൊടുവള്ളി നിയോജക മണ്ഡലം തയ്യാറായി കഴിഞ്ഞിരിക്കുന്നതായി കാരാട്ട് റസാഖ് എം എൽ എ. 


എന്നും പ്രവാസികളോടൊപ്പം നിന്ന ചരിത്രമാണ് നമുക്കും നമ്മുടെ നാടിനും അവകാശപ്പെടാനുള്ളത്.ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിനു കീഴിൽ വേനപ്പാറയിലുള്ള നഴ്സിംഗ് കോളേജിൻ്റെ വനിത ഹോസ്റ്റൽ താമരശ്ശേരി താലൂക്ക് കൊറോണ സെൻററായി റവന്യു വകുപ്പ് ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. നിരീക്ഷണത്തിന് ആവശ്യമായ 62 മുറികളും, ശുചി മുറിയും,ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യവും അവിടെ നിലവിലുണ്ട്. അവിടേക്കാവശ്യമായ മരുന്നുകളും, ഓക്സിജൻ സിലിണ്ടറും മറ്റും എത്തിച്ചിട്ടുണ്ട്. 

ഇതിനു പുറമെ മണ്ഡലത്തിൽ കൊടുവള്ളി കെ.എം.ഒ ക്ക് കീഴിലുള്ള വുമൺസ് വർക്കിംഗ് ഹോസ്റ്റൽ, മറ്റ് സ്വകാര്യ ടൂറിസ്റ്റ് ഹോമുകൾ, ആയുർവേദ ഹോസ്പിറ്റൽ തുടങ്ങിയവയും പ്രവാസികളുടെ നിരീക്ഷണത്തിനായി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്യത്തിൽ ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും ഏറ്റെടുക്കുന്നതിനുമുള്ള സംവിധാനം നിലവിലുണ്ട്. 

അല്ലാതെ തദ്ധേശ സ്ഥാപനങ്ങളേയോ സംഘടനകളേയൊ ഇതിനു ചുമതലപ്പെടുത്തിയിട്ടില്ലെന്നും അത് പോലെ പ്രവാസികളുടെ വിവരശേഖരണത്തിനും തദ്ധേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രവാസത്തിൻ്റെ നീറുന്ന നൊമ്പരമുള്ള നാടാണ്  കൊടുവള്ളിയും പരിസര പ്രദേശങ്ങളുമെന്നും എം എൽ പറഞ്ഞു.പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്.

ഡെപ്യൂട്ടി കലക്ടർ ബിജു, താമരശ്ശേരി താലൂക്ക് തഹസിൽദാർ സി.മുഹമ്മദ് റഫീഖ്, താലുക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: എം.കേശവനുണ്ണി, നഴ്സിംഗ് കോളേജ് അഡ്മിനിട്രേറ്റിംഗ് മാനേജർ എം.കെ.ജസീം, ശാന്തി ഹോസ്പിറ്റൽ പ്രതിനിധി എം.കെ.അബ്ദുൽ ലത്തീഫ് തുടങ്ങിയവരോടൊപ്പം കാരാട്ട് റസാഖ് എം എൽ എ താലൂക്ക് കൊറോണ സെൻ്റർ സന്ദർശിച്ചു.
Previous Post Next Post
3/TECH/col-right