Trending

എവിടെയാണോ അവിടെ തുടരുക; പ്രവാസികളോട് സുപ്രീം കോടതി നിര്‍ദേശം

ന്യൂഡൽഹി: ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള നിർദേശം കേന്ദ്ര സർക്കാരിന് ഈ ഘട്ടത്തിൽ നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി. യാത്രാവിലക്ക് നീക്കി സർക്കാരിന്റെ കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എം.കെ. രാഘവൻ എം.പിയും പ്രവാസി ലീഗൽ സെൽ എന്ന സംഘടനയുമാണ് ഗൾഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 




കോവിഡ് വൈറസ് പടരുന്നതിനെ തുടർന്ന് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അതിനുള്ള പരിഹാരങ്ങളെ സംബന്ധിച്ചും ഹർജിയിൽ പരാമർശിച്ചിരിക്കുന്ന ശുപാർശകൾ കേന്ദ്രസർക്കാരിന് കൈമാറാൻ എം.കെ. രാഘവനോട് സുപ്രീം കോടതി നിർദേശിച്ചു. ഈ നിർദേശങ്ങളിൽ സ്വീകരിച്ച നടപടി നാലാഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കണം.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാൻ മാതൃരാജ്യങ്ങൾ തയ്യാറാകണമെന്ന നിർദേശം ഞായറാഴ്ച യു.എ.ഇ. മുന്നോട്ടുവെച്ചിരുന്നു. അല്ലാത്തപക്ഷം കർശന നടപടിയെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നും യു.എ.ഇ. വ്യക്തമാക്കിയിരുന്നു.

ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങി വരാൻ 50,000ത്തോളം വിദ്യാർഥികൾ കാത്തുനിൽക്കുകയാണെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഇത്രയധികം പേരെ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. വിദ്യാർഥികൾ ബ്രിട്ടനിൽ സുരക്ഷിതരാണെന്നും നിലവിൽ അവിടെ തന്നെ തുടരണമെന്നും കോടതി ആവശ്യപ്പെട്ടു.


ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ മടക്കിക്കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചു. നിലവിൽ ആറായിരത്തോളം മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. മത്സ്യത്തൊഴിലാളികളെ തിരികെക്കൊണ്ടു വരാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന ഹർജി അടുത്ത തിങ്കളാഴ്ച്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും


'ഒരു സീറ്റ് ഒഴിച്ചിടണം'; ലോക്ക്ഡൗണിന് ശേഷം വിമാനയാത്രയ്ക്ക് പുതിയ മാർഗ നിര്‍ദേശങ്ങൾ

ന്യൂഡൽഹി: ലോക്ക്ഡൗൺ നീക്കിയതിന് ശേഷം ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ മാർഗനിർദേശങ്ങളുമായി സി.ഐ.എസ്.എഫ്.ഷെഡ്യൂൾ ചെയ്യപ്പെട്ട ഫ്ളൈറ്റിന് രണ്ടുമണിക്കൂർ മുമ്പ് യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം, മാസ്കുകളും കൈയുറകളുമുൾപ്പടെ എല്ലാ സുരക്ഷാമുൻകരുതലുകളും ഉണ്ടാകണം, യാത്രക്കാർക്കിടയിൽ ഒരു സീറ്റ് വീതം ഒഴിച്ചിടണം തുടങ്ങി വിവിധ നിർദേശങ്ങളാണ് സി.ഐ.എസ്.എഫ്. മുന്നോട്ടുവെച്ചിരിക്കുന്നത്.

മറ്റ് പ്രധാന നിർദേശങ്ങൾ

യാത്രക്കാരിൽ നിന്നും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നുവോ മുതലായ വിശദാംശങ്ങൾ ഫ്ളൈറ്റ് ഓപ്പറേറ്റർമാർ ശേഖരിക്കണം, ചെക്ക് ഇൻ കൗണ്ടറുകൾ തമ്മിൽ അകലം വേണം. സാമൂഹിക അകലം പാലിക്കുന്നതിനായി സ്ഥലങ്ങൾ അടയാളപ്പെടുത്തണം, എല്ലാ യാത്രക്കാർക്കും സാനിറ്റൈസർ നൽകണം, യാത്രക്കാർക്കായി ഒരുചോദ്യാവലി തയ്യാറാക്കണം അതിൽ ക്വാറന്റൈനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ രേഖപ്പെടുത്താൻ സംവിധാനം വേണം.


വിമാനത്താവളത്തിനുള്ളിൽ മാസ്ക്, കൈയുറകൾ എന്നിവ വിൽക്കണം. വിമാനത്താവളത്തിലെ എല്ലാ കവാടങ്ങളിലും യാത്രക്കാരുടെ താപനില പരിശോധിക്കുന്നിനായി തെർമോമീറ്ററുമായി ജീവനക്കാരെ നിയോഗിക്കണം എന്നിവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ.
തങ്ങളുടെ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സി ഐ എസ് എഫ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് സമർപ്പിച്ചുവെന്നും പദ്ധതി മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും സി ഐഎസ്എഫ് സെപ്ഷ്യൽ ഡയറകടർ ജി.എ.ഗണപതി അറിയിച്ചു
Previous Post Next Post
3/TECH/col-right