Trending

ജാഗ്രത തുടരുക; ഭവനങ്ങളില്‍ നിന്ന് ആരാധനകള്‍ സജീവമാക്കുക:കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്:കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ ജാഗ്രത തുടരണമെന്നും ഭവനങ്ങളില്‍ വച്ച് ആരാധനകളില്‍ സജീവമാകണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ പ്രസ്താവിച്ചു.വീഡിയോ കോണ്‍ഫറസ് വഴി നടന്ന മുശാവറ യോഗം ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.മനുഷ്യരുണ്ടെങ്കിലേ ജുമുഅയും ജമാഅത്തും നടത്താൻ സാധിക്കുക ഉള്ളൂ എന്നും അതുകൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി.കൊറോണയെ അതിജീവിക്കുകയെന്നത് ഏതു വിശ്വാസിക്കും കൂടുതല്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.





പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.

കൊവിഡ് ഭീഷണി തുടരുന്നതിനാല്‍ ജുമുഅ നിസ്‌കാരം നിര്‍വഹിക്കേണ്ടതില്ല. മഹാമാരിയുടെ ഘട്ടങ്ങളില്‍ ഇസ്ലാം പഠിപ്പിച്ചത് അത് വ്യാപിക്കാതിരിക്കാന്‍ സാമൂഹിക ബന്ധങ്ങള്‍ കുറയ്ക്കാനും സൂക്ഷ്മത പാലിക്കാനുമാണ്. പ്രവാസികള്‍ക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥന നടത്തണം. കേരളം ഒരുകാലത്ത് വറുതിയിലായിരുന്നപ്പോള്‍ അല്ലാഹു തുറന്നുതന്ന അനുഗ്രഹമാണ് ഗള്‍ഫ് പ്രവാസം. 

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എല്ലാവരും പെട്ടെന്ന് നാട്ടിലേക്കു വരിക നിലവിലെ സാഹചര്യത്തില്‍ പ്രയാസകരമാണ്. അതിനാല്‍ ക്ഷമയോടെ, ഓരോ രാജ്യങ്ങളുടെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായി പ്രവാസികള്‍ പാലിക്കുകയും നിലവിലുള്ള സ്ഥലങ്ങളില്‍ തുടരുകയും വേണം. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി കിട്ടുന്ന മുറക്ക് ഏറ്റവും പ്രയാസപ്പെടുന്ന പ്രായമായവര്‍, ഗര്‍ഭണികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കി നാട്ടിലെത്തിക്കാന്‍ യത്‌നിക്കണം.

കൊവിഡ് വൈറസ് ബാധിച്ചിരിക്കുന്നത് ഏതെങ്കിലും വിഭാഗത്തെയോ സമൂഹത്തെയോ മാത്രമല്ല. ലോകമെമ്പാടുമാണ്. ഈ സമയത്ത് ഇതിന്റെ പേരില്‍ മതകീയമോ സാമൂഹികമോ ആയ വിവേചനപരമായ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ഒരാളില്‍ നിന്നും ഉണ്ടാവരുത്. മനുഷ്യരെല്ലാം ഒന്നിച്ചുനിന്നു രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണം. നാം വസിക്കുന്ന നാടുകളില്‍ ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

പ്രവാസി കുടുംബങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. ഗള്‍ഫിലെ വ്യാപാര വിനിമയങ്ങള്‍ പൂര്‍ണമായും നിലച്ചതിനാല്‍ നാട്ടിലേക്കു പണമയക്കാന്‍ ബുദ്ധിമുട്ടുന്നവരുണ്ടാവും. എല്ലാവരുടെയും പ്രശ്ങ്ങള്‍ നാം കണ്ടറിയണം. ഭക്ഷണവും മരുന്നും ആവശ്യമുള്ളവര്‍ ഓരോ നാട്ടിലെയും എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരുമായി ബന്ധപ്പെട്ടാല്‍ ആവശ്യമായ സഹായങ്ങള്‍ ലഭിക്കുമെന്നും സമസ്ത അറിയിച്ചു.

സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, എം അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ, പി എ ഹൈദ്രൂസ് മുസ്ലിയാര്‍ കൊല്ലം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right