Trending

കുവൈത്തിൽ പൊതുമാപ്പിൽ തിരിച്ചു പോകുന്നവരുടെ യാത്രാച്ചെലവ് സർക്കാർ ഏറ്റെടുക്കും

കുവൈത്തിൽ പൊതുമാപ്പിൽ തിരിച്ചു പോകുന്നവരുടെ യാത്രാച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. യാത്ര പുറപ്പെടുന്നത് വരെയുള്ള താമസസൗകര്യമൊരുക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തിരിച്ചു പോകുന്നവർക്കായുള്ള രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക ഇളവ് അനുവദിച്ചത്.

ഏപ്രിൽ ഒന്ന് മുതൽ മുപ്പത് വരെയാണ് പൊതുമാപ്പ് കാലാവധി. ഈ സമയത്തിനുള്ളിൽ ഇളവ് പ്രയോജനപ്പെടുത്താൻ മുന്നോട്ടു വരുന്നവരുടെ യാത്രാച്ചെലവ് കുവൈത്ത് ഗവണ്മെന്റ് വഹിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിമാന സർവീസ് പുനരാരംഭിക്കുന്നത് വരെയുള്ള താമസസൗകര്യവും അധികൃതർ ഒരുക്കും. ഇത്തരക്കാർക്ക് പുതിയ വിസയിൽ പിന്നീട് കുവൈത്തിലേക്ക് വരുന്നതിനും തടസ്സമുണ്ടാകില്ല.

പൊതുമാപ്പ് നടപടികൾക്കായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ രാജ്യക്കാർക്കും പ്രത്യേക കാലയളവും ആഭ്യന്തര മന്ത്രാലയം നിശ്‌ചയിച്ചു നൽകിയിട്ടുണ്ട്. താമസ നിയമലംഘകരായ ഇന്ത്യക്കാർ ഏപ്രിൽ 11 മുതൽ ഏപ്രിൽ 15 വരെയുള്ള തിയ്യതികളിലാണ് തിരിച്ചു പോക്കിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത് . പുരുഷന്മാർ അൽ മുത്തന്ന ബോയ്സ് സ്‌കൂളിലും (ഫർവാനിയ, ബ്ലോക്ക് 1 , സ്ട്രീറ്റ് 122 ) , സ്ത്രീകൾ ഫർവാനിയ ഗേൾസ് സ്‌കൂളിലും (ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76) ആണ് ഹാജരാകേണ്ടത് . രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു മണി വരെയാണ് പ്രവർത്തന സമയം.
Previous Post Next Post
3/TECH/col-right