കൊറോണ വൈറസ് ലോകമാകെ ആറ് ലക്ഷം പേരിലേക്ക് പടര്‍ന്നു പിടിച്ചു കഴിഞ്ഞു. ഇന്നലെ വൈകീട്ട് വരെയുള്ള ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ലോകത്ത് 6,22,343 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഈ മഹാമാരിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 28,802 പേര്‍ക്ക്. എത്ര വേഗത്തിലാണ് ഈ വൈറസ് പകരുന്നത് എന്നതിന്റെ തെളിവാണ് കോവിഡ് 19 ആറ് ലക്ഷംപേരിലേക്ക് എത്തിയതിന്റെ കണക്കുകള്‍.
ആദ്യത്തെ ഒരു ലക്ഷം പേരിലേക്ക് കൊറോണ വൈറസ് എത്താന്‍ 67 ദിവസങ്ങളെടുത്തു. ഒരു ലക്ഷം രോഗികള്‍ രണ്ട് ലക്ഷമാകാന്‍ പിന്നീട് 11 ദിവസങ്ങള്‍ കൂടി വേണ്ടി വന്നു. എന്നാല്‍ ഇത് മൂന്നു ലക്ഷമാകാന്‍ വെറും നാല് ദിവസങ്ങള്‍ മാത്രമാണ് വേണ്ടി വന്നത്.പിന്നീട് അതിവേഗത്തിലാണ് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചത്. ഓരോ രണ്ട് ദിവസം കൂടുമ്പോഴും ഒരു ലക്ഷത്തോളം കൊറോണ വൈറസ് രോഗികള്‍ എന്നതാണ് ഇപ്പോഴുള്ള നിരക്ക്.
മൂന്ന് ലക്ഷം രോഗികള്‍ നാല് ലക്ഷമാകാന്‍ വേണ്ടി വന്നത് മൂന്നു ദിവസമാണെങ്കില്‍ അഞ്ച് ലക്ഷത്തിലെത്താന്‍ പിന്നീട് രണ്ടര ദിവസം മാത്രമാണ് വേണ്ടിവന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകത്തെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷമാവുകയും ചെയ്തു.ഏറ്റവും ശ്രദ്ധേയമായ കാര്യം ഇപ്പോഴും യഥാര്‍ഥ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിന്റെ അടുത്ത് പോലും ഔദ്യോഗിക കണക്കുകള്‍ എത്തില്ലെന്നതാണ്.
ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ ലോകരാജ്യങ്ങളെയാണ് നിലവില്‍ കൊറോണ വൈറസ് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. ഇറ്റലിയിലും സ്‌പെയിനിലുമായി മാത്രം ഒരൊറ്റ ആഴ്ച്ചക്കിടെ 15000ത്തിലേറെ മരണമാണ് റിപ്പോര്‍ട്ടു ചെയ്തു കഴിഞ്ഞു. അമേരിക്കയിലാകട്ടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാവുകയും ചെയ്തു.