Trending

നിരോധനാജ്ഞ ലംഘിക്കുന്നത് കണ്ടെത്താന്‍ ഡ്രോണുകള്‍

തിരുവവന്തപുരം: നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ഡ്രോണുകളുടെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.എല്ലാ ജില്ലകളിലും ഡ്രോണ്‍ ഉപയോഗിച്ച്‌ ഇത്തരം പരിശോധന നടത്തും.വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പര്‍ശിക്കാതെ ആയിരിക്കും ശനിയാഴ്ച മുതല്‍ വാഹന പരിശോധന ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ നടത്തുക.


ഇതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കയ്യുറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഐഡന്റിറ്റി കാര്‍ഡ്, സത്യവാങ്മൂലം എന്നിവ കൈയില്‍ വാങ്ങി പരിശോധിക്കാന്‍ പാടില്ല. ആവശ്യമെങ്കില്‍ മതിയായ ദൂരത്തുനിന്ന് അവയുടെ ഫോട്ടോയെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

പച്ചക്കറികള്‍, മല്‍സ്യം, മാംസം, മുട്ട, പാക്ക് ചെയ്ത ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഒരു കാരണവശാലും തടയാന്‍ പാടില്ല. ബേക്കറി ഉള്‍പ്പെടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു വിരുദ്ധമായി പോലീസ് പ്രവര്‍ത്തിക്കുന്നപക്ഷം പൊതുജനങ്ങള്‍ക്ക് അക്കാര്യം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡി ജി പി യുടെ കണ്‍ട്രോള്‍ റൂമിനെ അറിയിക്കാം. ഫോണ്‍: 9497900999, 9497900286 , 0471 2722500.

തെരുവുനായ്ക്കള്‍, കുരങ്ങന്മാര്‍ എന്നിവയുടെ ക്ഷേമം ഉറപ്പാക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് പാസ് നല്‍കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എ ഡിജിപി ഡോ. ബി.സന്ധ്യയെ ചുമതലപ്പെടുത്തി.

പൊരിവെയിലില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഇടവേളകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ഥിച്ചു.
Previous Post Next Post
3/TECH/col-right