നമ്മള്‍ വീട്ടില്‍ ഒതുങ്ങുമ്ബോള്‍ നമുക്കായി പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമുണ്ട്. അത് ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമല്ല, പൊലീസും റവന്യൂ ഉദ്യോഗസ്ഥരും എല്ലാം ഉള്‍പ്പെടും.ആളുകളുമായി നിത്യേന ഇടപെടാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണിവര്‍. ഒരു പിഴവ് ഇവരുടെ ഭാഗത്തുണ്ടായാല്‍ അത് വിവാദമാക്കി വേട്ടയാടുന്നവരും ഈ നാട്ടില്‍ തന്നെയാണുള്ളത്.
 
കൂട്ടം കൂടുന്നതിനെ ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന പല സംഭവങ്ങളും ഇപ്പോള്‍ സംസ്ഥാനത്ത് അരങ്ങേറുന്നുണ്ട്. അരുതാത്ത നടപടിയാണിത്.വീട്ടിലിരിക്കാന്‍ പൊലീസ് നിര്‍ദ്ദേശിക്കുന്നത് നമ്മുടെയെല്ലാം ജീവന്‍ അപകടത്തിലാവാതിരിക്കാനാണ്.

ഇറ്റലി ചെയ്ത തെറ്റ് ഈ നാട് ആവര്‍ത്തിച്ചുകൂട. ഇറ്റലിയിപ്പോള്‍ ശവപ്പറമ്ബായി മാറിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന് അത്തരമൊരു സാഹചര്യത്തെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതല്ല.

വീട്ടു സാധനങ്ങള്‍ വാങ്ങാനും മരുന്നുകള്‍ വാങ്ങാന്‍ പോകാനും ഇവിടെയും വിലക്കില്ല. അനാവശ്യമായി കറങ്ങി നടക്കുന്നതിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.കൊറോണ വൈറസിനെ നേരിടാന്‍ ഇത്തരം നടപടികള്‍ അനിവാര്യം തന്നെയാണ്.അവധിപോലും ഇല്ലാതെ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് നമ്മുടെ പൊലീസുകാര്‍. അവര്‍ക്കും കുടുംബമുണ്ടെന്നതും നാം ഓര്‍ക്കണം. തെരുവില്‍ ക്രമസമാധാന പാലനത്തിനിറങ്ങുന്ന ഇവര്‍ വീട്ടില്‍ ചെല്ലുന്നത് വൈറസ് ബാധയേറ്റിട്ടല്ലെന്ന് ആര്‍ക്കും തന്നെ ഉറപ്പിച്ച്‌ പറയാന്‍ കഴിയുകയില്ല.

എത്ര തന്നെ മുന്‍ കരുതല്‍ സ്വീകരിച്ചാലും പൊലീസ് എടുക്കുന്നത് വലിയ റിസ്‌ക്ക് തന്നെയാണ്. അവര്‍ക്ക് നമ്മളെ പോലെ വീട്ടിനുള്ളില്‍ അടച്ചിട്ടിരിക്കാന്‍ കഴിയുകയില്ല. പൊതുജനങ്ങളുടെ സുരക്ഷ, അത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. സോഷ്യല്‍ മീഡിയകളിലൂടെ കൊറോണ വൈറസിനെതിരെ കേരളാ പൊലീസ് നടത്തിയ വീഡിയോ ദൃശ്യം ലോക ശ്രദ്ധയാണ് പിടിച്ച്‌ പറ്റിയത്.ബിബിസിയും റഷ്യ ടുഡേയും പോലും വലിയ പ്രാധാന്യത്തോടെയാണ് ഈ സന്ദേശം പ്രചരിപ്പിച്ചിരുന്നത്.
രാജ്യത്ത് ഐ.പി.എസുകാര്‍ മുതല്‍ സാധാരണ പൊലീസുകാരന്‍ വരെ ഇപ്പോള്‍ റോഡിലാണുള്ളത്.

പൊലീസ് അഭ്യര്‍ത്ഥന തമാശയായി കണ്ടത് കൊണ്ടാണ് കാസര്‍ഗോഡ് ഉള്‍പ്പെടെ പലരും അടി മേടിച്ചിരിക്കുന്നത്. ചോദിച്ചു വാങ്ങിയ അടിയാണത്.
പൊലീസിന്റെ ഈ നടപടികളോട് പൂര്‍ണ്ണമായും സഹകരിക്കുകയാണ് ജനങ്ങള്‍ ഇനി ചെയ്യേണ്ടത്.അനുസരണക്കേട് കാണിച്ചതിനാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നതെന്നതും നല്ലതു പോലെ ഓര്‍മ്മ വേണം.

സര്‍ക്കാരും, പൊലീസും, ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത് അവര്‍ക്കു വേണ്ടിയല്ല, നാടിനു വേണ്ടിയാണ്. ജീവനുള്ള മനുഷ്യന്‍ നില നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണത്. അതുകൊണ്ടാണ് സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ചും അവരെല്ലാം പ്രവര്‍ത്തിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം നാം കാണാതെ പോകരുത്.