Latest

6/recent/ticker-posts

Header Ads Widget

പട്ടിണി പടിവാതില്‍ക്കല്‍:പകച്ച്‌ നിത്യവരുമാനക്കാര്‍

നരിക്കുനി:കടകളിലെ സാധനങ്ങളൊന്നാകെ വീടുകളിലേക്കെത്തിക്കാന്‍ ചിലര്‍ തിരക്കു കൂട്ടുമ്ബോള്‍ പടിവാതില്‍ക്കല്‍ പട്ടിണിയെത്തിയതുകണ്ട് പകച്ചുനില്‍പ്പാണ് ദിവസക്കൂലിക്കാരായ ഒട്ടേറെപ്പേര്‍. നിനച്ചിരിക്കാതെ കിട്ടിയ അവധി ആഘോഷമാക്കുന്നതിന്റെ തിരക്കില്‍ കടകളില്‍ തടിച്ചുകൂടുന്നവര്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ കിട്ടാത്തതിന്റെ പരാതിയാണ്. എന്നാല്‍ പണമില്ലാത്തതിന്റെ പകപ്പില്‍ കടകളിലേക്കു പോകുന്നതെങ്ങനെയെന്ന ആകുലതയിലാണ് സാധാരണ മനുഷ്യര്‍.


നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ കാണാം ഇത്തരക്കാരെ. 21 നാള്‍ വീട്ടിലിരിക്കേണ്ടി വരുമ്ബോള്‍ നിത്യോപയോഗസാധനങ്ങള്‍ വാങ്ങാനുള്ള പണം പോലുമില്ലെന്നതാണ് വസ്തുത. ദിവസക്കൂലിക്കാര്‍ക്ക് പ്രയാസമുണ്ടാകാതെ നോക്കുമെന്ന പ്രഖ്യാപനം മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ മുറതെറ്റാതെ നടത്തുന്നുണ്ടെങ്കിലും പ്രായോഗികനടപടികളൊന്നുമില്ല.

നരിക്കുനി സ്വദേശിയായ പെയിന്റിങ് തൊഴിലാളി അനസിൻ്റെയും വാക്കുകള്‍ ഇങ്ങനെ: ''ഏറ്റവും കൂടുതല്‍ പണി ഉണ്ടാകേണ്ട സമയമായിരുന്നു. കല്യാണവും ഗൃഹപ്രവേശവും മാറ്റിവെച്ചതോടെതന്നെ ഇതെല്ലാം നിലച്ചു. പണിതീര്‍ത്തുകൊടുക്കാമെന്നു വെച്ചാല്‍ വീട്ടില്‍നിന്നിറങ്ങി ജോലിക്ക് പോകാന്‍ കഴിയുന്നില്ല. പെയിന്റ് കടകളൊന്നും തുറക്കുന്നുമില്ല.''


കോണ്‍ക്രീറ്റ് പണിക്കാരനായ നരിക്കൂട്ടുംചാല്‍ പനമ്ബ്രടത്തില്‍ സജീവനും പറയാനുള്ളത് ഇല്ലായ്മകളുടെ പ്രയാസങ്ങള്‍ തന്നെ: ''കൂലിപ്പണി ചെയ്താണ് പ്രായമായ അച്ഛനും അമ്മയും ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന കുടുംബം പോറ്റുന്നത്. കടകളില്‍ അവശ്യസാധനങ്ങള്‍ ഉണ്ടെങ്കിലും വാങ്ങാന്‍കൈയ്യില്‍ പൈസയില്ലല്ലോ. എന്തുചെയ്യണമെന്ന് ഒരുനിശ്ചയവുമില്ല.''

കോണ്‍ക്രീറ്റ് തൊഴിലാളിയായ എന്‍. അനിലിന് കുറെ ദിവസത്തിനുശേഷം ബുധനാഴ്ച ഒരുപണി ശരിയായിരുന്നു. പക്ഷേ കുറച്ച്‌ ദൂരെയായതിനാല്‍ പോകാന്‍പറ്റിയില്ല. യാത്രയ്ക്കിടെ പോലീസ് നടപടി ഉണ്ടാകുമെന്ന് പേടി. ഹോട്ടലുകള്‍ ഇല്ലാത്തതിനാല്‍ ഭക്ഷണവുംകിട്ടില്ല. അതോടെ പണിക്ക് പോകേണ്ടെന്നു വെച്ചു.

ജില്ലയുടെ എല്ലാഭാഗങ്ങളിലും തൊഴിലാളികളുടെ അവസ്ഥ ഇത്തരത്തിലാണ്. ഓട്ടോഡ്രൈവറായ അഷ്റഫിനും മീന്‍വില്‍പ്പക്കാരനായ അബുവിനും ബസ് ക്ലീനറായ സൈദിനും തുണിക്കടയിലെ ജീവനക്കാരിയായ സുനിതയ്ക്കും ഒക്കെ പറയാനുള്ളത് സമാനമായ അനുഭവങ്ങള്‍തന്നെ.

ഈര്‍ച്ചമില്ലില്‍ കൂലിപ്പണിക്കാരനായ ചക്കോലക്കണ്ടി ആലിയും കൈക്കോട്ടുപണിക്കാരനായ രാജനും പണിക്കുപോയിട്ട് ദിവസങ്ങളായി. സര്‍ക്കാര്‍ എന്തെങ്കിലുംചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇവരൊക്കെ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പ്രളയമുണ്ടായപ്പോഴത്തെക്കാള്‍ കലുഷിതമാണ് ജീവിതസാഹചര്യങ്ങളെന്നാണ് ഗ്രാമീണമേഖലയിലെ ഈ മനുഷ്യരുടെയൊക്കെ അഭിപ്രായം.

സഹകരണബാങ്കുകളിലെ ദിവസവേതനക്കാര്‍ക്ക് പ്രതിസന്ധി പരിഹരിക്കുംവരെ വേതനം നല്‍കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.എന്നാല്‍, മറ്റു പല വിഭാഗക്കാര്‍ക്കും വരുമാനമുറപ്പാക്കണമെന്ന പ്രഖ്യാപനങ്ങളല്ലാതെ പണമൊന്നും കിട്ടുന്നില്ല. തുണിക്കടകളിലും ഹോട്ടലുകളിലും ബസ്സിലുമൊക്കെയുള്ള തൊഴിലാളികള്‍ക്ക് വരുമാനം തൊഴിലുടമ ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.എന്നാല്‍, ഒരുവരുമാനവുമില്ലാത്ത തൊഴിലുടമകള്‍ ഇതെങ്ങനെ നടപ്പാക്കുമെന്ന് അധികൃതര്‍ പറയുന്നില്ല.

നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുന്നതല്ലാത്ത എല്ലാ കടകളും അടഞ്ഞുകിടക്കുന്നു, ബസുകള്‍ ഓടുന്നില്ല, ചെറുഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകയുമില്ല- അത്തരം സാഹചര്യത്തില്‍ ദിവസക്കൂലി കൊടുക്കണമെന്ന നിര്‍ദേശം അപ്രായോഗികമാണെന്ന് തുണിക്കട നടത്തുന്ന കുഞ്ഞിരാമന്‍ ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments