Trending

ഹജ്ജ് കര്‍മ്മം നിര്‍ത്തിയേക്കുമെന്ന് വ്യാജ പ്രചാരണം; കടുത്ത നടപടിയെന്ന് സഊദി

റിയാദ് : ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍ത്തിവെച്ചേക്കുമെന്ന രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത വ്യാജം. കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഹജ്ജ് കര്‍മ്മം ചിലപ്പോള്‍ നിര്‍ത്തിവെച്ചേക്കുമെന്നും ഹോട്ടല്‍ റിസര്‍വേഷന്‍ ചെയ്യുകയോ വിമാന ടിക്കറ്റ് ബുക്കിംഗ് നടത്തുകയോ ചെയ്യരുതെന്നുമുള്ള രീതിയിലാണ് രണ്ടാഴ്ച മുമ്പ് സെനഗലില്‍ അവിടുത്തെ സഊദി അംബാസഡര്‍ ഫഹദ് ബിന്‍ അലി അല്‍ ദോസരി നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ സഹിതം പ്രചരിച്ചത്. അംബാസഡര്‍ പറഞ്ഞ കാര്യം വളച്ചൊടിച്ചാണ് ഫേസ്ബുക്കിലും വാട്‌സ് ആപ്പ് ഗ്രൂപ്പിലുമെല്ലാം ഈ വീഡിയോ പ്രചരിപ്പിച്ചത്.


വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍ത്തിവെക്കാന്‍ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും ഇപ്പോഴുള്ള കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ വ്യക്തമാകുന്നത് വരെ ഒരുക്കങ്ങള്‍ നടത്താന്‍ കാത്തിരിക്കണമെന്നാണ് അംബാസഡര്‍ വാത്താസമ്മേളനത്തില്‍ പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയത്. സെനഗല്‍ ആഭ്യന്തര മന്ത്രി അലി അംഗോയ്, വിദേശകാര്യമന്ത്രി അമാദോബോ, ആരോഗ്യ മന്ത്രി അബ്ദുല്ല ജൗഫ് എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് സെനഗലില്‍ സഊദി അംബാസഡര്‍ വാര്‍ത്താസമ്മേളനം നടത്തിയത് .പക്ഷെ അ്ത് നേരെ തിരിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് .

കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും നിലവില്‍ സഊദി ഏര്‍പെടുത്തിയിരുക്കുന്ന കര്‍ഫ്യൂവിനെതിരെ പ്രതികരിക്കുന്നവര്‍ക്കുമെതിരെ കര്‍ശനമായ നിയമ നടപടികളാണ് കൈക്കൊള്ളുന്നത്. രാജകല്‍പനയനുസരിച്ചു നടപ്പിലാക്കിയ കര്‍ഫ്യൂ സമയങ്ങളില്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ചുറ്റിക്കറങ്ങിയ സ്വദേശികളെയും സിറിയന്‍ പൗരനെയും സുരക്ഷാ സേന പിടികൂടി. ഇവര്‍ പുറത്തു കറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത് കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ജയിലിലടക്കുകയായിരുന്നു.

കര്‍ഫ്യൂ നിയമങ്ങള്‍ അനുസരിക്കാതിരിക്കുകയും പുറത്തിറങ്ങി വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് സൈബര്‍ ക്രൈം നിയമമനുസരിച്ചു ശിക്ഷാനടപടികള്‍ കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് ലെഫ് കേണല്‍. തലാല്‍ അല്‍ ഷാല്‍ഹോബ് മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളാണ് കൈക്കൊള്ളുക. കിംവദന്തികള്‍ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. സ്വദേശികളും വിദേശികളും ഇക്കാര്യത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്നും അല്ലാത്ത പക്ഷം അഞ്ച് വര്‍ഷം വരെ തടവും മൂന്ന് മില്യണ്‍ റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.


കടപ്പാട് : http://www.chandrikadaily.com/saudi-against-fake-news.html
Previous Post Next Post
3/TECH/col-right