Trending

പാല്‍ വില്‍പ്പന കുറഞ്ഞു: മില്‍മ മലബാറില്‍ പാല്‍ സംഭരണം നിര്‍ത്തുന്നു

മലബാര്‍ മേഖലയില്‍ മില്‍മ ഇന്ന് പാല്‍‌ സംഭരിക്കില്ല. കോവിഡ് 19 പശ്ചാത്തലത്തില്‍ പാല്‍ വില്‍പന കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം. തുടര്‍ ദിവസങ്ങളിലും നിയന്ത്രണമുണ്ടാകുമെന്ന് മില്‍മ അറിയിച്ചു. മില്‍മയുടെ നീക്കം ക്ഷീരകര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാകും.


പ്രതിദിനം അഞ്ച് ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ മലബാര്‍ മേഖലയില്‍ വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ കോവിഡ് 19 വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസം ഒരു ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് വിറ്റു പോയത്. ഇത് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് മില്‍മയുടെ വിലയിരുത്തല്‍. ഇതിനു പുറമേ പാലുല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വന്‍ തോതില്‍ കുറഞ്ഞു. 

ഈ സാഹചര്യത്തിലാണ് നാളെ സംഭരണം നടത്തേണ്ടെന്ന് മില്‍മ തീരുമാനിച്ചത്.
ഇക്കാര്യം സഹകരണ സംഘങ്ങളെ അറിയിച്ചു കഴിഞ്ഞു. നാളെ വിപണി നിരീക്ഷിച്ച ശേഷം വരും ദിവസങ്ങളില്‍ സംഭരണം വേണോയെന്ന് ആലോചിക്കും. മില്‍മയുടെ തീരുമാനം ക്ഷീര കര്‍ഷകരെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കും. 

നേരത്തെ പാലുല്‍പ്പാദനം കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മില്‍മ പാല്‍ വാങ്ങിയിരുന്നു. പാലുല്‍പ്പാദനം കൂട്ടാനായി ക്ഷീരകര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കോവിഡ് 19 പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
Previous Post Next Post
3/TECH/col-right