Trending

സംസ്ഥാനത്ത് കാൽ ലക്ഷം പേർ കൊവിഡ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശികളും വിദേശത്ത് നിന്ന് എത്തിയവരും അടക്കം കാൽ ലക്ഷത്തോളം പേർ കൊവിഡ് 19 നിരീക്ഷണത്തിൽ. ഇന്നലെ ആർക്കും രോഗം സ്ഥിരീകരിച്ചില്ല. സംസ്ഥാനത്തെ സാഹചര്യം കൈവിട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഗുരുതരമായ സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




ആശ്വാസകരമായ വാർത്തയാണ് കൊവിഡുമായി ബന്ധപ്പെട്ട് ഇന്നലെ സംസ്ഥാനത്ത് പുറത്തുവന്നത്. വർക്കലയിൽ രോഗിയുമായി അടുത്തിടപഴകിയ 30 പേർക്ക് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ള ബ്രിട്ടീഷ് പൗരന്റെ ഭാര്യയുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവായതും വലിയ ആശ്വാസമാണ്.

On 18-03-2020

കേരളത്തിൽ 25603 നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 25363 വീടുകളിലും 237 പേർ ആശുപത്രികളിലും ഉണ്ട്. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ചത് 2550 സാമ്പിളുകളാണ്. 2140 ആളുകൾക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ടയിൽ രണ്ട് പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. വിദേശത്ത് നിന്ന്‌ മടങ്ങി എത്തിയ ഒരാളും ഇറ്റലിയിൽ നിന്ന് വന്ന ആളുമായി സമ്പർക്കം ഉണ്ടായിരുന്ന വ്യക്തിയുമാണ് നിരീക്ഷണത്തിലുള്ളത്. 

കാസർകോട് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമാണ്. സുഹൃത്തുകളും, ബന്ധുക്കളും ഉൾപ്പടെ എട്ട് പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജാഗ്രതാ നിർദേശം ലംഘിച്ച് പൊതു പരിപാടികൾ ജില്ലയിൽ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി കളക്ടർ പറഞ്ഞു. ശക്തമായ നടപടിയെടുക്കുമെന്ന് കളക്ടർ വ്യക്തമാക്കി. ജില്ലയിൽ 409 പേർ നിരീക്ഷണത്തിലാണ്.

ആലപ്പുഴ ജില്ലയിൽ 1922 പേർ നിരീക്ഷണത്തിലാണ്.  മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി പത്തുപേർ നിരീക്ഷണത്തിലുണ്ട്. പുതുതായി 794 പേരെ നിരീക്ഷണത്തിലുൾപ്പെടുത്തി. പരിശോധനക്ക് അയച്ച 122 സാമ്പിളുകളിൽ 113 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഒൻപത് സാമ്പിളുകൾ ഇന്ന് പുതുതായി പരിശോധനയ്ക്ക് അയച്ചു.

എറണാകുളം ജില്ലയിൽ 1068 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 74 പേരെ കൂടി നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ഇന്ന് രണ്ട് പേരെ പ്രവേശിപ്പിച്ചു. ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത് 23 പേരാണ്. 16 പേർ കളമശേരി മെഡിക്കൽ കോളേജിലും ഏഴ് പേർ മൂവാറ്റുപുഴ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

തൃശൂരിൽ 308 പേരുടെ സാമ്പിൾ ഫലങ്ങൾ നെഗറ്റീവാണ്. 35 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 3088 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. കോട്ടയത്ത് ഇന്ന് 14 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവാണ്. 16 പേരാണ് ആശുപത്രിയിലുള്ളത്. ഇന്ന് 8 പേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. രണ്ട് പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു ആശുപത്രിയിൽ ഏഴ് പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 1415 പേർ വീടുകളിൽ നിരീക്ഷണത്തിൽ. 18 പേരുടെ ഫലം കാത്തിരിക്കുകയാണ്. 2878 ആളുകളെ റെയിൽവേ സ്റ്റേഷൻ കെഎസ്ആർടിസി എന്നിവിടങ്ങളിൽ പരിശോധ നടത്തി.

ഇടുക്കിയിൽ 374 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 70 പേർ വിദേശത്ത് നിന്നുള്ളവരാണ്. 18 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. 13 ഫലങ്ങൾ കൂടി കിട്ടാനുണ്ട്. 373 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഒരാൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കുമളിയിലെ സ്വകാര്യ റിസോർട്ട് ജീവനക്കാരനാണ് ഇദ്ദേഹം.

തിരുവനന്തപുരത്ത് 2431 പേര് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ 64 പേര് ആശുപത്രിയിലാണ് ഉള്ളത്. 14 പേർ കെയർ ഹോമുകളിലും കഴിയുന്നു. പരിശോധന ഫലങ്ങൾ ആശ്വാസകരമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 415 പേരുടെ സ്രവ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. കൂടുതൽ സ്ഥലങ്ങളിൽ പരിശോധനയ്ക്ക് അനുമതി നൽകി. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി ബയോ ടെക്നോളജി, പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇത്. എന്നാൽ ഇതിന് ഇനി അന്തിമ അനുമതി കിട്ടണം. 

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നവർക്കായി 1500 ബെഡുകൾ ഉള്ള സജ്ജീകരങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. നിലവിലെ രീതി തുടരും. വർക്കലയിലെ രോഗിയുമായി നേരിട്ട് ഇടപഴകിയ കൂടുതൽ പേരെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
Previous Post Next Post
3/TECH/col-right