Trending

സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളില്ല; നിരീക്ഷണത്തിലുള്ളത് 7,677 പേര്‍

സംസ്ഥാനത്ത് പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഫലപ്രദമായിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.


വൈറസ് ബാധയിൽ സംസ്ഥാനത്ത് ഇതുവരെ 7,677 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലുമാണുള്ളത്. പുതുതായി 106 പേരെ ശനിയാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്താകെ കോവിഡ് ഭീഷണി ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി ബ്ലോക്ക്, വാർഡ് തലത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കും. 


ഇതര സംസ്ഥാന തീവണ്ടികളിലും റോഡുകളിലും യാത്രക്കാരെ പരിശോധിക്കാൻ സൗകര്യമൊരുക്കും. റോഡുകളിലെ പരിശോധനയ്ക്ക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിക്കും. ആരോഗ്യ-സന്നദ്ധ പ്രവർത്തകരും സംഘത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 22 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരിൽ മൂന്ന് പേർ ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയിരുന്നു. 19 പേർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിൽ ചികിത്സയിലുണ്ട്.
Previous Post Next Post
3/TECH/col-right